സാലറി ചലഞ്ച് വഴി കെ.എസ്.ഇ.ബി പിരിച്ച പണം ഉടന്‍ കൈമാറുമെന്ന് എം.എം മണി.

വൈദ്യുതി ബോര്‍ഡിന് സാമ്ബത്തിക പ്രതിസന്ധിയുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ പ്രളയ സഹായത്തിനായി പിരിച്ച പണം ഉടന്‍ നല്‍കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചല്ലോയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പിരിച്ച സാലറി ചലഞ്ച് തുക ഇതുവരെ സര്‍ക്കാരിന് കൈമാറാത്ത കെ.എസ്.ഇ.ബിയുടെ നടപടിയാണ് വിവാദമായത്. ജീവനക്കാരില്‍ നിന്ന് പിരിച്ച 136 കോടി രൂപയാണ് ഇതുവരെ കൈമാറാത്തത്. അതേസമയം ഒറ്റത്തുകയായി നല്‍കാന്‍ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നും ഉടന്‍ തന്നെ തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചു.
136 കോടി രൂപയാണ് കെ.എസ്.ഇ.ബി പിരിച്ചെടുത്തത്. എന്നാല്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് കൈമാറിയത് 10 കോടി രൂപ മാത്രമാണ്.

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തെതുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി ജീവനക്കാരും തങ്ങളുടെ ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയാറായത്. ഇടത് യൂണിയനിലെ ജീവനക്കാര്‍ ഭൂരിഭാഗവും സാലറി ചലഞ്ചില്‍ പങ്കാളികളായി. 2018 സെപ്റ്റംബര്‍ മുതല്‍ പത്ത് മാസമായാണ് തുക ഈടാക്കിയത്.

എന്നാല്‍, ഓരോ മാസവും ജീവനക്കാരില്‍നിന്ന് കൈപ്പറ്റിയ തുക സര്‍ക്കാരിന് കൈമാറാതെ പണം സൂക്ഷിക്കുകയാണ് കെ.എസ്.ഇ.ബി ചെയതത്. സാമ്പത്തിക ഞെരുക്കത്തോടൊപ്പം സര്‍ക്കാരില്‍ നിന്ന് വിവിധ ഇനത്തിലേക്കായി പണം കെ.എസ്.ഇ.ബിക്ക് ലഭിക്കാനുമുണ്ടായിരുന്നു. പണം കൈമാറാത്തതിന് പിന്നില്‍ ഈ പശ്ചാത്തലമുണ്ടെന്നാണ് ജീവനക്കാരില്‍ ഒരു വിഭാഗം അവകാശപ്പെടുന്നത്.

അതേസമയം, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഈ മാസം 16ന് തന്നെ തീരുമാനമെടുത്തിരുന്നതായി ചെയര്‍മാന്‍ അറിയിച്ചു.