മരണം വിധിയെഴുതിയെങ്കിലും ദൈവത്തിൻ്റെ കരങ്ങളുമായി എത്തിയ ‍ഡോക്ടർ പുതുജീവൻ നൽകി

മരണം വിധിയെഴുതിയിട്ടു ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ഡോക്ടർക്ക് നന്ദിയുമായി രോ​ഗി.തൃശൂർ സ്വദേശി മധുവാണ് ഡോ പ്രതാപ്കുമാറിനെ പ്രശംസിച്ച് രം​ഗത്തെത്തിയത്.ഡോ.പ്രതാപ് കുമാർ നടത്തിയ ആഞ്ചിയോപ്ലാസ്റ്റി ചികിത്സ മധുവിന് പുതുജന്മം നൽകി. തൻ്റെ രണ്ടാം ജന്മത്തെക്കുറിച്ചും ഡോക്ടറും രോഗിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും മധു എഴുതിയ ഫേയ്സ്ബുക്ക് കുറിപ്പ് ഏറെ ചർച്ചയാവുകയാണ്. ഭീമമായ തുക മുടക്കി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ഈ കാലത്ത് രോഗികൾക്ക് ആശ്വാസം നൽകുന്നതാണ് ഡോ.പ്രതാപിൻ്റെ ചികിത്സ.

നിർത്താതെയുളള ചുമയും ശ്വാസംമുട്ടലും കാരണം കലശലായതോടെ സ്വദേശമായ തൃശ്ശൂരിൽ നിന്ന് എറണാകുളത്തെ പ്രമുഖ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്.അവിടെ നടത്തിയ പരിശോധനകളിൽ കാർഡിയാക് ഫെയിലർ സംഭവിച്ചെന്നും ഹൃദയത്തിന്റെ പ്രവർത്തനം 20% താഴെയായി എന്നും അറിഞ്ഞു. ഹൃദയം മാറ്റിവെയ്ക്കുകയല്ലാതെ വേറൊരു മാർഗ്ഗവുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എറണാകുളത്തെ മറ്റൊരു പ്രമുഖ ആശുപത്രിയിൽ റിപ്പോർട്ടുകൾ കാണിച്ചപ്പോഴും അവരും ട്രാൻസ്പ്ലാന്റ് തന്നെയാണ് നിർദേശിച്ചത്. അതിനിടെയാണ് ഡോക്ടർ പ്രതാപനെക്കുറിച്ച് അറിയുന്നത്. ഒന്നാംഘട്ടം ആന്റിയോപ്ലാസ്റ്റി വിജയകരമായി പൂർത്തിയാക്കി, 2 സ്റ്റെന്റ് ഇട്ട് രണ്ട് ദിവസത്തിന് ശേഷം രണ്ടാംഘട്ട ആന്റിയോപ്ലാസ്ട്രിയിൽ 2 സ്റ്റെന്റ് കൂടി ഇട്ടു. അതോടുകൂടി മധുവിൻ്റെ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത 50% മുകളിൽ എത്തി. ഓരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു

കുറിപ്പിങ്ങനെ, ദൈവത്തിൻ്റെ കരങ്ങൾ ,മനുഷ്യദൈവങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ മനുഷ്യൻ ദൈവമായി ഞങ്ങൾക്ക് മുന്നിൽ ഒരിക്കൽ അവതരിച്ചിരുന്നു. മറ്റാരുമല്ല, ഞങ്ങളുടെ പ്രിയങ്കരനായ ഡോക്ടർ പ്രതാപ് കുമാർ. 42ാം വയസ്സിൽ എനിക്കുണ്ടായ വളരെ ഗുരുതരമായ ഒരു രോഗാവസ്ഥയെക്കുറിച്ചും അതിൽ നിന്നും എന്നെ കൈപ്പിടിച്ച് ജീവതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഡോക്ടർ പ്രതാപിനെക്കുറിച്ചുമാണ് പറഞ്ഞു വരുന്നത്. പ്രാർത്ഥനയോടെയല്ല, വേദനയോടെയാണ് ദേവാലയമായി ഞങ്ങൾക്ക് തോന്നിയ കൊല്ലം മെഡിട്രിന ആശുപത്രിയിൽ എത്തിയത്.

നാലര വർഷം മുൻപ് 2015 നവംബറിലാണ് ഇടിത്തീപോലെ ആ സംഭവം ഭാര്യയും മകനും പ്രായമായ അച്ചനും അമ്മയും അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിൻ്റെ താളം തെറ്റിച്ചത്. നിർത്താതെയുളള ചുമയും ശ്വാസംമുട്ടലും കാരണം കലശലായതോടെ സ്വദേശമായ തൃശ്ശൂരിൽ നിന്ന് എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ ആദ്യ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനകളിൽ എനിക്ക് കാർഡിയാക് ഫെയിലർ സംഭവിച്ചെന്നും ഹൃദയത്തിന്റെ പ്രവർത്തനം 20% താഴെയായി എന്നും അറിയുന്നു. ഹൃദയം മാറ്റിവെയ്ക്കുകയല്ലാതെ വേറൊരു മാർഗ്ഗവുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എറണാകുളത്തെ മറ്റൊരു പ്രമുഖ ആശുപത്രിയിൽ റിപ്പോർട്ടുകൾ കാണിച്ചപ്പോഴും അവരും ട്രാൻസ്പ്ലാന്റ് തന്നെയാണ് നിർദേശിച്ചത്. പലകാരണങ്ങളാലും ഹൃദയം മാറ്റിവെയ്ക്കലിനോട് മാനസികമായി പൊരുത്തപ്പെടാൻ എനിക്കു സാധിച്ചില്ല. ഒന്നാമതായി 90% റിസ്‌ക് ഉള്ള ഒരു സർജിയാണ് ട്രാൻസ്പ്ലാന്റ്. പിന്നെ ആരോഗ്യമുള്ള ചെറുപ്പക്കാരനായ ഒരു വ്യക്തി മരിച്ചാൽ മാത്രമേ എനിക്ക് ഹൃദയം ലഭിക്കുകയുള്ളു. മറ്റൊരാൾ മരിക്കാൻ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ജീവിക്കുക എന്നത് മാനസികമായി എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഒരു കാര്യമായിരുന്നില്ല. തന്നെയുമല്ല ഹൃദയം മാറ്റിവച്ചു കഴിഞ്ഞാൽ ജീവിതത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ വേണ്ടിവരും. ഒരു സാധാരണ വ്യക്തിജീവിതം നയിക്കാൻ സാധിക്കില്ല. ട്രാൻസ്പ്ലാന്റിന് ശേഷം ഏതു സമയവും നമ്മുടെ ശരീരം ഹൃദയത്തെ നിരസിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് മരുന്നുകൾ തുടർ ചികിത്സക്ക് വേണ്ടിവരും.

ഇതൊക്കെ ആലോചിച്ചപ്പോൾ ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. ഹൃദയം മാറ്റിവെയ്ക്കാൻ ഞാൻ തയാറല്ല, മരിക്കുന്നെങ്കിൽ സ്വന്തം ഹൃദയവുമായി മരിക്കട്ടെ. ഈ തീരുമാനം എടുക്കുമ്പോഴും എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ എന്റെ ചികിത്സ മൂന്ന് മാസം പിന്നിട്ടിരുന്നു. ഈ കാലയളവ് മുഴുവനും ഞാനും എന്റെ ഭാര്യയും ആശുപത്രിയിൽ തന്നെ താമസിക്കുകയായിരുന്നു. അതിനിടയിൽ പൾമനറി എഡീമ( Pulmonary edema) വരുകയും ഞാൻ വെന്റിലേറ്ററിലാകുകയും ചെയ്തു. അന്ന് ഡോക്ടർസ് എന്റെ മരണം ഉറപ്പിച്ചതാണ്. ഒരു അത്ഭുതം പോലെ ഞാൻ ജീവിതത്തിലേക്ക് വരികയാണ് ഉണ്ടായത്. ഈ സമയത്ത് ഡോക്ടർ എന്റെ ഭാര്യയോട് 75 ലക്ഷം രൂപ വില വരുന്ന LVAD എന്ന ഒരു ഉപകരണംവെയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഞങ്ങളെയും കുടുംബ സുഹൃത്തായ ഒരു ഡോക്ടറുമായി സംസാരിച്ചപ്പോൾ ഈ ഉപകരണം ശാശ്വതമായ പരിഹാരമല്ലെന്നും ഹാർട്ട് ട്രാൻസ്പ്ലാന്റ് നടത്തുന്നതുവരെയുള്ള താൽക്കാലിക സംവിധാനമാണെന്നും അറിയാൻ കഴിഞ്ഞു. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തി. ഈ സമയത്ത് എന്റെ ഹൃദയത്തിന്റെ പ്രവർത്തനം 20%ൽ താഴെയായിരുന്നു. ഈ അവസ്ഥയിൽ എനിക്ക് ബൈപാസ്, ആൻജിയോപ്ലാസ്റ്റി, തുടങ്ങി ഒരു ചികിത്സയും ചെയ്യാൻ സാധിക്കില്ലെന്നും എന്ത് ചെയ്താലും കാർഡിയാക് അറസ്റ്റ് വരുമെന്നും അവിടുത്തെ ഡോക്ടർമാർ പറഞ്ഞു.

ഈ മൂന്ന് മാസക്കാലംകൊണ്ടുതന്നെ ഒരു ഭീമമായ തുക ഞങ്ങൾക്ക് ചിലവായെങ്കിലും എന്റെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല. അപ്പോഴേക്കും ട്രാൻസ്പ്ലാന്റിന് തയാറാവാതിരുന്ന എന്നെ പ്രചോദിപ്പിക്കാൻ വേണ്ടി പല ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. ഈ സമയത്താണ് എന്റെ സുഹൃത്തിന്റെ ബന്ധുവായ കാർഡിയോളജിസ്റ്റ് ഡോക്ടർ ജയചന്ദ്രൻ, ഡോക്ടർ പ്രതാപനെക്കുറിച്ച് പറയുന്നത്. എറണാകുളത്തെ ഡോക്ടറിനോട് പറയാതെ മെഡിക്കൽ റിപ്പോർട്ട്‌സ് ഞാൻ ഡോ.പ്രതാപിന് അയച്ചുകൊടുക്കയും അദ്ദേഹം ഞങ്ങളോട് കൊല്ലം മെഡിട്രിന ആശുപത്രിയിലേയ്ക്ക് വരുവാൻ ആവശ്യപ്പെടുകയും ചെയ്തു. വീട്ടിൽ പോകാതെ ആശുപത്രിയുടെ സമീപത്തുളള ഫ്‌ളാറ്റിൽ താമസിച്ചോളാം എന്ന ഉറപ്പിൻമേൽ എറണാകുളത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി കൊല്ലം മെഡിട്രിനയിലേക്ക് പോയി. 2016 ഫെബ്രുവരി 2ാം തീയതി ഞങ്ങൾ ഡോ.പ്രതാപിനെ കാണുകയും അദ്ദേഹം എന്റെ ആന്റിയോഗ്രാം സിഡി പരിശോധിക്കുകയും ആന്റിയോപ്ലാസ്ട്രി ചെയ്യാമെന്ന് പറയുകയും ചെയ്തു. അന്ന് ഒന്നാംഘട്ടം ആന്റിയോപ്ലാസ്ട്രി വിജയകരമായി പൂർത്തിയാക്കി. 2 സ്റ്റെന്റ് ഇട്ട്, രണ്ട് ദിവസത്തിന് ശേഷം രണ്ടാംഘട്ട ആന്റിയോപ്ലാസ്ട്രിയിൽ 2 സ്റ്റെന്റ് കൂടി ഇട്ടു. അതോടുകൂടി എന്റെ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത 50% മുകളിൽ എത്തി. ഓരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം എന്നെ ഡിസ്ചാർജ് ചെയ്തു. മൂന്ന് മാസം എറണാകുളത്തെ ആശുപത്രിയിൽ ഒരു നടപടിക്രമവും ചെയ്യാതെ ചിലവായതിന്റെ പകുതിയിൽ താഴെമാത്രമെ എനിക്ക് മെഡിട്രിനയിൽ ചികിത്സക്ക് വേണ്ടിവന്നുള്ളു. ഹൃദയ മാറ്റവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ചെയർ ടു ബെഡ്, ബെഡ് ടു ചെയർ എന്ന രീതിയിൽ ജീവിക്കേണ്ടി വരുമെന്ന് എല്ലാവരും വിധിയെഴുതിയ ഞാൻ ഇന്ന് എന്റെ പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ജൈവ കർഷകനാണ്. എല്ലാദിവസവും പണിക്കാർക്കൊപ്പം കൃഷിയിടത്തിലെ എല്ലാ പണികളും ഒരു സാധാരാണ വ്യക്തിയെപ്പോലെ എനിക്കും ചെയ്യാൻ സാധിക്കുന്നുണ്ട്. സ്വദേശമായ തൃശൂർ കൈപ്പമംഗലത്തു നിന്ന് കൊല്ലം വരെ 180 കിലോമീറ്റർ സ്വന്തമായി വാഹനം ഓടിച്ചാണ് ഞാൻ ഡോക്ടറെ കാണാൻ പോകുന്നത്. ഇതിനെല്ലാം എനിക്ക് നന്ദി പറയാനുള്ളത് ഡോ.പ്രതാപിനോടാണ്. ഇന്ന് ഒരു ഡോക്ടർ രോഗി ബന്ധത്തിനുപരി ഒരു സഹോദരതുല്യമായുള്ള അടുപ്പമാണ് ഞങ്ങൾ തമ്മിലുള്ളത്. ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഒരു ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് എന്ന തലക്കനം ഇല്ലാതെ ചിരിച്ചുകൊണ്ട് രോഗികളെ സ്വന്തം ഹൃദയത്തോട് ചേർത്തു നിർത്തുന്ന ഒരു യഥാർത്ഥ മനുഷ്യസ്‌നേഹിയാണ് ഡോ. പ്രതാപ് കുമാർ.

ഡോക്ടർ, താങ്കളോടുള്ള എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദിയും കടപ്പാടും വാക്കുകൾക്ക് അതീതമാണ്. ഇനിയും ഒരുപാട് കാലം എന്നെപ്പോലെയുള്ള ഹൃദ്രോഗികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ആയുരാരോഗ്യം മെഡിട്രിന ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.നന്ദി ഡോക്ടർ നന്ദി.