മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ… ഉത്തരവ് നാളെ രാവിലെ

Supreme Court

ന്യൂഡല്‍ഹി: മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന കാര്യത്തിലെ ഉത്തരവ് നാളെ പത്തരക്ക് പറയാമെന്ന് സുപ്രീംകോടതി അറിയിച്ചു. വിശദമായ വാദം കേട്ടാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന കോണ്‍ഗ്രസ് എന്‍സിപി കക്ഷികളും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.

ഇരുപത്തിനാലോ നാല്‍പ്പത്തെട്ടോ മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് വേണം. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണം. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ എല്ലാവര്‍ക്കും കാണുന്ന വിധത്തില്‍ സുതാര്യമാക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം കോടതിയില്‍ ആവശ്യപ്പെട്ടത്. ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്നും വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ടെന്നും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ അറിയിച്ച് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത് വിശദമായ കത്താണെന്ന് ബിജെപി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണറുടെ സെക്രട്ടറിക്കും വേണ്ടി ഹാജരായ തുഷാര് മേത്തയാണ് സുപ്രീംകോടതിയില്‍ കത്ത് ഹാജരാക്കിയത്. മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഗവര്‍ണറുടെ കത്ത് കയ്യിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കാന്‍ സമയം വേണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

തുടര്‍ന്ന് 54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നല്‍കിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വായിച്ചു. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് അവകാശവാദവും കത്തിലുണ്ട്. എംഎല്‍എമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.ഗവര്‍ണര്‍ക്ക് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ല അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കിയതെന്ന വിശദീകരണമാണ് സുപ്രീംകോടതിയില്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയത്.

170 എംഎല്‍എമാരുടെ പിന്തുണയുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഫഡ്‌നാവിസിനെ ക്ഷണിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്‍സിപിയുടെ 54 ഉം സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് അജിത് പവാറാണെന്നും അവരുടെ എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് നവംബര്‍ 22-ന് സമര്‍പ്പിച്ചിട്ടുണ്ടെന്നുംതുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ വിശാലമായ ഭരണഘടനാ ബെഞ്ചിന് മുന്നിലേക്ക് വിടണമെന്നും റോഹ്ത്തഗി ആവശ്യപ്പെട്ടു.

154 എംഎല്‍എമാര്‍ ഒപ്പിട്ട് നല്‍കിയ സത്യവാങ്മൂലം തന്റെ കൈയിലുണ്ടെന്ന് കപില്‍ സിബല്‍ വാദിച്ചു. സഖ്യ സര്‍ക്കാര്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്ബായി ഗവര്‍ണറുടെ നടപടികള്‍ പരിശോധിച്ചാല്‍ കോടതിക്ക് കാര്യം ബോധ്യമാകും. ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഗവര്‍ണറുടെ നടപടികളില്‍ സംശയമുണ്ടാക്കുന്നു.ഭരണഘടനാ വിരുദ്ധമായ നടപടികളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുന്നത്. പുലര്‍ച്ചെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കത്ത് നല്‍കിയ ഗവര്‍ണറുടെ നടപടി തെറ്റാണ്. പുലര്‍ച്ചെയുള്ള അത്തരമൊരു നടപടിക്ക് രാജ്യത്ത് എന്ത് അടിയന്തര സാഹചര്യമാണ് ഉള്ളതെന്നും കപില്‍ സിബല്‍ ചോദിച്ചു.

സ്പീക്കര്‍ തിരഞ്ഞെടുക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാന്‍ അനുവദിക്കരുതെന്നും ഇത് ബിജെപിയുടെ കെണിയാണെന്നും മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു. അജിത് പവാറിനെ കൊണ്ട് വിപ്പ് കൊടുപ്പിച്ച്‌ എന്‍സിപി അംഗങ്ങളെ അയോഗ്യരാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.