മരണം ഒരു യാഥാർത്യമാണെന്ന് അറിയാമെങ്കിലും എന്തോ ഇവന്റെ കാര്യത്തിൽ മാത്രം അതുവിശ്വസിക്കാൻ കഴിയുന്നില്ല, കുറിപ്പ്

കോവിഡിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും കേരളത്തിൽ മരണങ്ങൾ വർദ്ധിച്ചുവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചെറുപ്പക്കാർ പോലും കോവിഡിനു കീഴടങ്ങുന്നത് ഹൃദയഭേ​ദ​ഗ കാഴ്ചയാണ്. സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് യുവകഥാകൃത്തും നോവലിസ്റ്റുമായ മജീദ് സെയ്ദ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

കുറിപ്പിങ്ങനെ

അനുജൻ (സക്കീർഹുസൈൻ ) മരിച്ചിട്ട് പതിനൊന്ന് ദിവസങ്ങൾ.കോവിഡ് ബാധിതനായിരുന്നു. റിസൾട്ട് നെഗറ്റീവ് ആയതിന്റെ പിറ്റേന്നാണ് അവൻ ഞങ്ങളെ പറ്റിച്ചു ഭൂമിയിൽ നിന്നും കടന്നുകളഞ്ഞത്. നമ്മളൊക്കെ പലപ്പോഴും മറന്നുപോകുന്ന സഹയാത്രികനാണ് മരണം. കാലൊച്ച കേൾപ്പിക്കാതെ നമുക്കൊപ്പം നടക്കുന്ന കൂട്ടുകാരനാണ് മരണമെന്ന് ഒന്നൂടെ ഉറപ്പിക്കുന്നതാണ് എന്റെ കൂടെപിറപ്പിന്റെ വേർപാട്. അത്രകണ്ട

അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. മരണം ഒരു യാഥാർത്യമാണെന്ന് അറിയാമെങ്കിലും എന്തോ ഇവന്റെ കാര്യത്തിൽ മാത്രം അതുവിശ്വസിക്കാൻ കഴിയുന്നില്ല. പഴയതുപോലെ കളിയും, ചിരിയുമായി ഇപ്പോഴും കൂടെയുണ്ടെന്ന തോന്നലാണ് ഞങ്ങൾക്ക്. ഉറ്റവർ പോകുമ്പോൾ ഞങ്ങളുടെ മാത്രമല്ല എല്ലാവരുടേയും അവസ്ഥ ഇതുതന്നെയാവും. ജീവിച്ചിരിക്കെ ഏതൊരുമനുഷ്യനും പ്രിയപ്പെട്ടവർക്ക് പലപ്പോഴും പലസമ്മാനങ്ങളും നൽകാറുണ്ട്. അതൊക്കെയാണ് സ്നേഹബന്ധത്തെ നിറംകെടാതെ നിലനിർത്തുന്നത്.

ഒരുതരത്തിൽ ഇത്തരം കൊടുക്കൽ വാങ്ങലുകളെ തന്നെയാണല്ലോ നാം ജീവിതമെന്ന് വിശേഷിപ്പിക്കുന്നത്. ഒരാൾ, മറ്റൊരാൾക്ക് നൽകുന്ന ഏറ്റവും ഒടുവിലത്തെ സമ്മാനത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചെറുതോ, വലുതോ ആയ ആയുസ്സിന്റെ പുസ്തകം ഭൂമിയിലെ തന്റെ അവസാന നിമിഷത്തിൽ മടക്കിക്കെട്ടുന്ന മനുഷ്യൻ പ്രിയപ്പെട്ടവർക്ക് നൽകുന്ന ഏറ്റവും ഒടുവിലത്തെ സമ്മാനം അവരുടെ നല്ല ഓർമ്മകളാണ്. അത്രത്തോളം നല്ല സമ്മാനം മുൻപൊരിക്കലും അവർ നമുക്ക് തന്നിട്ടുണ്ടാവില്ല. ഇനിയൊട്ട് തരാനുമാവില്ല. കാരണം ആ ഓർമ്മകളിലാണ് പിന്നെയവരുടെ ജീവിതം. അവരില്ലാത്ത ഇടത്തുനിന്നും പിന്നീട് നാം തുഴയേണ്ടതും ആ ഓർമ്മകളെ പുണർന്നാണ്. അത്തരത്തിൽ ഒരുപാടൊരുപാട് സമ്മാനങ്ങൾ വീട്ടുകാർക്കും, നാട്ടുകാർക്കും വീതിച്ചു നൽകിയാണ് എന്റെ അനുജൻ ഭൂമിയിൽ നിന്നും യാത്രയായത്.

സക്കീറിന്റെ ജ്യേഷ്ഠൻ എന്ന നിലയിൽ ഇതുവരെ ഒരിടത്തും തലതാഴ്ത്തി നിൽക്കേണ്ട ഒരവസരവും എനിക്കവൻ ഉണ്ടാക്കിയിട്ടില്ല. നേരെമറിച്ച് ഒരുപാട് അവസരങ്ങൾ അവന് ഉണ്ടായിട്ടുണ്ടാവും. അതുതന്നെയാണ് അവന്റെ ജീവിതം ബാക്കിയാക്കിയ സന്ദേശം. ഓർമ്മയുറച്ച കാലംതൊട്ടെ ഉറച്ച കമ്മ്യൂണിസ്റ്റായിരുന്നു അവൻ.കൗമാരവും, യൗവ്വനവും വിശ്വസിച്ച പ്രസ്ഥാനത്തിന് പൂർണ്ണാർത്ഥത്തിൽ പകുത്തു കൊടുത്തവൻ. ഒരിക്കലുമവന് വിശ്രമം ഉണ്ടായിരുന്നില്ല. എന്നും തിരക്കായിരുന്നു. പാർട്ടിക്കാലത്ത് എവിടെങ്കിലും ആ മുതുകൊന്ന് ചാരി ഞാൻ കണ്ടിട്ടില്ല. ആരുടെയെങ്കിലും ആവലതാതിയും പൊതിഞ്ഞുകെട്ടി നെട്ടോട്ടമായിരുന്നു എന്നുമവൻ. പഞ്ചായത്തും, വില്ലേജും, താലൂക്കോഫീസും, പോലീസ് സ്റ്റേഷനും, കോടതിയും, മെഡിക്കൽ കോളേജുമൊക്കെയായി അവനിലൂടെ വിഷമങ്ങൾ ഇറക്കിവെച്ച എത്രയോ മനുഷ്യർ. എപ്പോഴും നാടിന്റെ മുക്കിലും മൂലയിലും നിറഞ്ഞ ചിരിയുമായി ജനങ്ങൾക്കിടയിൽ ജീവിക്കാനായിരുന്നു അവനിഷ്ടം.ഒരുപക്ഷെ വീടിനേക്കാൾ അവന് പ്രിയപ്പെട്ടത് പാർട്ടിയിടങ്ങളായിരുന്നു. അതുകൊണ്ട് തന്നെയാണ്

ഇത്രചെറുപ്പത്തിലെ സി.പി.എം.പോലൊരു കേഡർ പ്രസ്ഥാനത്തിന്റെ ഏരിയാകമ്മറ്റി മെമ്പർ ആയി ഒരുപാട് പ്രവർത്തിക്കാൻ കഴിഞ്ഞതും.പാർട്ടി ഏൽപ്പിച്ച ഒരുത്തരവാദിത്വവും അവൻ നിറവേറ്റാതിരുന്നില്ല. അങ്ങനെ പടർന്ന ചെറുതും വലുതുമായ സൗഹൃദങ്ങളായിരുന്നു എന്നുമവന്റെ ആത്മബലം. ആ ബന്ധങ്ങളെയാവട്ടെ അനാവശ്യമായി ഉപയോഗിക്കാൻ അവൻ നിന്നില്ല.സ്വന്തത്തിനായി പാർട്ടിയിൽ നിന്നും ഒന്നും ആവശ്യപ്പെട്ടില്ല. അതിനായിരുന്നില്ല അവൻ സഖാവായത്. എല്ലായിടങ്ങളിലും സത്യസന്ധമായി ഇടപെടാനായിരുന്നു അവനിലെ കമ്യൂണിസ്റ്റുകാരന് അറിയാമായിരുന്നത്. അതുകൊണ്ടു മാത്രമാണ്സമരങ്ങളുടെയും ,ജാഥകളുടേയും ബഹളങ്ങളിൽ നിന്നും കുടുംബവും രണ്ടുകുട്ടികളുമായി ജീവിതത്തിന്റെ പ്രയാസങ്ങളിലേക്ക് നീങ്ങിമാറിയപ്പോഴും എന്റെ അനിയൻ ദരിദ്രനായി പോയത്. വലുതാകാനോ, വലുതുനേടാനോ കൊതിക്കാതെ പോയ ഒരു ജന്മം.ചെറിയ ചെറിയ മോഹങ്ങളെഅവനുണ്ടായിരുന്നുള്ളൂ.ഒടുവിലത്തെ സമയങ്ങളെല്ലാം ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള പെടാപാടിലും നെട്ടോട്ടത്തിലുമായിരുന്നു അവൻ.അതിനിടയിലാണ് ഒരുപാട് സൂക്ഷിച്ചിട്ടുംകോവിഡ്പിടികൂടിയത്.

ആരെയും ബുദ്ധിമുട്ടിക്കാതെ കണ്ടുപിടിച്ചതൊഴിലുമായി ബന്ധപ്പെട്ട് ദിവസവും ധാരാളം സ്ഥാപനങ്ങളിൽ കയറിയിറങ്ങിയിട്ടും കൊറോണയുടെ ചതിക്കുഴിയിൽ പെടാതെ ആവുന്നത്ര അവൻ സൂക്ഷിച്ചിരുന്നു.പക്ഷെ വയറുവേദനയുമായി ആശുപത്രിയിൽ പോകേണ്ടിവന്നതോടെയാണ് അവനും കോവിഡിന് കീഴടങ്ങിയത്. തീർച്ചയായും നമ്മളിന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരിടമാണ് ആതുരാലയങ്ങൾ. അവിടെ പോകേണ്ടി വരുന്നവർ വളരെ സൂക്ഷിക്കണം. കാരണം ദീർഘകാലത്തെ പൊതുപ്രവർത്തന പരിചയം കൊടുത്ത അനിയന്റെ അതീവശ്രദ്ധ പോലും തോറ്റുപോയത് അവിടെയാണ്. എല്ലാവർക്കും കരുതൽ വേണമെങ്കിലും രോഗിയല്ലാത്തവരെപ്പോലെ സമൂഹത്തെ കുറിച്ച് ഈ സമയത്ത് കോവിഡ് രോഗബാധിതരും ചിന്തിക്കേണ്ടതുണ്ട്. അവരൊന്ന് സ്വയം സൂക്ഷിച്ചാൽ ഒരുപക്ഷെ മറ്റൊരാളെ സംരക്ഷിക്കാൻ അവർക്കും കഴിഞ്ഞേക്കാം. തന്നിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരരുതെന്ന ദൃഢനിശ്ചയം ഓരോ മനുഷ്യനും എടുക്കാതെ ഈ രോഗത്തെ തൽക്കാലം ചെറുക്കാൻ നമുക്ക് കഴിയില്ല. സ്വന്തം ജീവിതത്തിൽ നിന്നും ഒരാളും അകാലത്തിൽ നഷ്ടപ്പെടാതിരിക്കാൻ പരസ്പരമുള്ള കരുതൽ മാത്രമേ ഈയവസരത്തിൽ നമുക്ക് തുണയാവൂ.

ഇല്ലെങ്കിൽ ഇതുപോലെ എല്ലാവരും കുറിപ്പെഴുതേണ്ടിവരും. ഇനി ആർക്കും ഈ വിധിയുണ്ടാവല്ലെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന. കാരണം നിങ്ങൾക്കറിയാമോ ഈ കുറിപ്പെഴുതുന്ന സമയത്തും അവൻ ആരെയോ കാത്ത് വീടിന്റെ ഉമ്മറത്തുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അല്ലെങ്കിൽ വീടിന് മുന്നിലെ വയലിന് നടുവിലൂടെയുള്ള റോഡിലൂടെ നടക്കുന്നുണ്ടെന്ന്. അല്ലെങ്കിൽ ഏതേലുമൊരു സുഹൃത്തിനൊപ്പം വഴിയരുകിൽ നിന്ന് രാഷ്ട്രീയം പറയുന്നുണ്ടെന്ന്. അല്ലെങ്കിൽ ഏതോ രോഗിയേയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പായുന്നുണ്ടെന്ന്. അല്ലെങ്കിൽ ഏതേലുമൊരു തെരുവിൽ മുദ്രാവാക്യം വിളിച്ച് ജാഥ നയിക്കുന്നുണ്ടെന്ന്.അതുമല്ലെങ്കിൽ പുറത്തുപെയ്യുന്ന തോരാമഴയിൽ ഒറ്റപ്പെട്ടുപോയ ഏതെങ്കിലുമൊരു പാവം മനുഷ്യനെ നെഞ്ചുചേർത്ത് ആശ്വസിപ്പിക്കുന്നുണ്ടെന്ന്. അതെ, മരിച്ചു എന്നതിലുപരി അവനെ കുറിച്ച് അങ്ങനെയൊക്കെ വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം. ഞങ്ങൾക്കെന്നല്ല അവനെ അറിയാവുന്ന ആരുമതേ വിശ്വസിക്കൂ.

കാരണം സക്കീറെന്ന സഖാവിന്റെ ജീവിതം ഈ ഭൂമിയിൽ അങ്ങനെയൊക്കെ ആയിരുന്നു.ചെറിയകാലത്തെ ജീവിതം കൊണ്ടവൻ നേടിയ പാർട്ടിയും വലിയസുഹൃദ് വലയവും,ഈ സമയവും ഞങ്ങളോടൊപ്പം തന്നെയുണ്ട്. അതൊക്കെ വലിയ ആശ്വാസം തന്നെയാണ്.ഇതിനിടെ സുഹൃത്തുക്കൾ പലരും വിളിച്ചുവെങ്കിലും ഫോൺ എടുക്കാനോ മെസേജിന് മറുപടി ചെയ്യാനോ എനിക്ക് കഴിഞ്ഞിട്ടില്ല. അതിനൊന്നും പറ്റിയ ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അവരൊക്കെ ക്ഷമിക്കുമെന്ന് കരുതുന്നു.എന്റെ അനുജന്റെ ശൂന്യതയറിഞ്ഞ് പ്രാർത്ഥിച്ച, ആശ്വസിപ്പിച്ച, സഹായിച്ച, ദു:ഖം പങ്കിട്ട ഒരുപാട് പേരുണ്ട്. മത-രാഷ്ട്രീയ സാംസ്കാരിക-സാഹിത്യരംഗത്തുളളവരും അല്ലാത്തവരുമായ ആ സർവ്വ മനുഷ്യരേയും അവന് വേണ്ടി നന്ദിപൂർവ്വം സ്മരിക്കുന്നു.