മെഹര്‍ വാരിക്കോരി കൊടുക്കുമ്പോള്‍ പാവപ്പെട്ടവന്‍ ലോണെടുത്ത് കല്യാണം കഴിക്കേണ്ട ഗതികേട്; മലബാറിലെ നിക്കാഹുകള്‍ കെണിയാകുമ്പോള്‍

ഷഫീക്ക് മട്ടന്നൂര്‍

മലബാറിലെ മുസ്ലീം യുവാക്കള്‍ മൂത്ത് നരച്ച് പുര നിറഞ്ഞ് നില്‍ക്കുകയാണ്. പത്ത് മുപ്പത് വയസായില്ലേ കല്യാണം കഴിക്കുന്നില്ലെ എന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുകയാണ് മുസ്ലീം യുവാക്കള്‍. ഇതിനെല്ലാം ഉത്തരവാദി സ്വന്തം സമുദായത്തിലെ പൊങ്ങച്ചക്കാരാണെന്ന് അവര്‍ക്കറിയാം. പണ്ടൊക്കെ ഒരു കുടുംബത്തില്‍ പെണ്ണുണ്ടായാല്‍ വീട്ടിലെ ഉപ്പയ്ക്കും ഉമ്മയ്ക്കും നെഞ്ചില്‍ ആധിയാണ്. അവളെ കെട്ടിച്ചയക്കുമ്പോള്‍ വല്ലതും കൊടുക്കണ്ടേ എന്ന ചിന്ത. എന്നാല്‍ കാലം മാറിയതോടെ ചിന്തകളും മാറി.

ഗള്‍ഫില്‍ നിന്ന് പണം വാരുന്ന യുവാക്കള്‍ ഇന്നൊരു പെണ്ണിനെ കാണുന്നത് അവന്റെ സര്‍വ സമ്പാദ്യവും ഉപയോഗിച്ചാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പെണ്ണുകാണാന്‍ പോകുന്ന ചടങ്ങിന് സര്‍വത്ര ആര്‍ഭാടം. ഇവര്‍ കൊണ്ടു വരുന്നത് ഭയപ്പാടിന്റെ പുതിയ സംസ്‌കാരമാണ്. ആ സംസ്‌കാരത്തില്‍ പാവപ്പെട്ട പയ്യന്‍മാര്‍ ലോണെടുത്ത് കല്യാണം കഴിക്കേണ്ട ഗതികേടിലാണ്. ഗള്‍ഫുകാരനായ യുവാവ് പെണ്ണിനെ കാണാന്‍ പോകുന്ന ചടങ്ങിന് മാത്രം പൊടിക്കുന്നത് ലക്ഷങ്ങളാണ്. അന്‍പതിനായിരം രൂപ വരെയുള്ള ചോക്ലേറ്റുകള്‍, വില പിടിപ്പുള്ള വസ്ത്രങ്ങള്‍, മൂന്നോ നാലോ പവന്‍ സ്വര്‍ണം , പിന്നെ കേക്കുമുറിയും…. പോരെ നാല് ലക്ഷം കണ്ണു പൂട്ടിയങ്ങ് തീരും. ഈ ആര്‍ഭാട പെണ്ണു കാണലുകള്‍ എന്‍ഗേജ്ഡ് എന്ന പേരില്‍ വാട്‌സാപ്പ് സ്റ്റാറ്റസുകളില്‍ നിറയുമ്പോള്‍ പാവപ്പെട്ട യുവാവിന്റെ നെഞ്ചില്‍ തീയാണ്. താന്‍ കല്യാണം കഴിക്കുമ്പോഴും ഇത്രയും ആര്‍ഭാടമില്ലാതെ പറ്റില്ലല്ലോ എന്ന ചിന്ത അയാളെ അലട്ടുകയാവും.

പണ്ടൊക്കെ ചെറുക്കനെ കിട്ടാനായിരുന്നു പ്രയാസം. എന്നാല്‍ ഇന്ന് പെണ്ണിനെ കിട്ടാനാണ് പാട്. അതോ ഗംഭീര സമ്മാനങ്ങള്‍ പെണ്ണുകാണലിന് വേണം എന്ന നിര്‍ബന്ധമുള്ളത് പോലെ. ചെക്കനും പെണ്ണിനും സൊള്ളാന്‍ ചെറുക്കന്റെ വക സ്മാര്‍ട്ട് ഫോണും കൊടുക്കല്‍ പതിവാകുന്നു. കല്യാണ് ദിനമാകട്ടെ മെഹര്‍ നല്‍കുന്നത് പത്തും പതിനനഞ്ചും പവനോളമാണ്. ഇസ്ലാമിലെവിടെയാണ് ഇത്രയും വലിയ മെഹര്‍ കൊടുക്കാന്‍ പറയുന്നത്. വിവാഹത്തിനു വേണ്ടി മുസ്ലിംകള്‍ക്കിടയില്‍ വരന്‍ വധുവിന് നല്‍കാനായി നിശ്ചയിക്കുന്ന വിവാഹമൂല്യമാണ് മഹര്‍. മഹര്‍ സ്ത്രീകള്‍ക്കുള്ള അവകാശമാണ്. അതിനാല്‍ പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹര്‍) നല്‍കണമെന്ന് അനുശാസിക്കുന്നു. ഒരാള്‍ അയാളുടെ വിയര്‍പ്പില്‍ ഉണ്ടാക്കിയ അരപ്പവന്‍ മാത്രം മതി പെണ്ണിന് മെഹറായി നല്‍കാന്‍.

വിവാഹമൂല്യം എത്രയാവണമെന്ന് ഇസ്ലാം കൃത്യമായി നിര്‍ണയിച്ചിട്ടില്ല. മര്യാദയനുസരിച്ചു നല്‍കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സാമ്പത്തികശേഷി ഇല്ലാത്തവര്‍ തന്നാല്‍ കഴിയുന്ന എന്തും മഹറായി നിശ്ചയിക്കാന്‍ അനുവാദം നല്‍കിയിരുന്നു. അതിനും സാധ്യമാവാത്തവര്‍ക്കായി വേദം പഠിപ്പിച്ചു കൊടുക്കുക എന്ന രീതിരയില്‍ പോലും മഹര്‍ നിശ്ചയിച്ചിരിന്നതായി കാണാം. എന്നാല്‍ ഇതിനെതിരായി മലബാര്‍ മേഖലഖില്‍ ചോക്ലേറ്റ് കൂമ്പാരവും, വ്‌സ്ത്രങ്ങളും ഫോണും, സ്വര്‍ണവും എല്ലാം കൂടി ആര്‍ഭടമാക്കുന്നതോടെ കണ്ണൂര്‍ കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ യുവാക്കള്‍ വിവാഹം കഴിക്കുന്നത് കര്‍ണാടകയിലെ വീരാജ് പേട്ടയിലാണ്. നാട്ടില്‍ പെണ്ണ് കിട്ടാത്തവനും പേട്ട തന്നെ ശരണം.

ഇതൊരു പുതിയ സംസ്‌കാരമാണ്. കല്യാണമെന്നാല്‍ പാവപ്പെട്ടവന് ഇന്ന് ലോണെടുക്കേണ്ട ഗതികേടിലാണ്. പെണ്ണിന് മെഹര്‍ കൂടാതെ നാട്ടുകാരെ ബോധിപ്പിക്കാന്‍ മറ്റ് ചില സമ്മാനങ്ങളും നല്‍കേണ്ടി വരുന്നു. ആണിന്റെ കല്യാണമായതിനാല്‍ നാട്ടുകാര്‍ ഇഷ്ടപ്രകാരം നല്‍കുന്ന പണവും ഉണ്ടാകില്ല എന്നതാണ് സത്യം. കല്യാണമെന്നത് ചിലര്‍ക്ക് ആര്‍ഭാടവും മറ്റ് ചിലര്‍ക്കും നെഞ്ചില്‍ തീയുമായി മാറിയിരിക്കുകയാണ് മലബാറില്‍. ഇതിനൊരു അന്ത്യം ഇനിയുണ്ടാവില്ല. കാരണം വാട്‌സാപ്പ് സ്റ്റാറ്റസുകളില്‍ പെണ്ണു കാണല്‍, റിങ് എക്‌സ്‌ചേഞ്ച്, സേവ് ദി ഡേറ്റ്, പിന്നെ കല്യാണത്തിന് മബ്‌റൂക്ക് അല്ലെങ്കില്‍ ഹാപ്പി മാരീഡ് ലൈഫ് എന്ന് വരെയുള്ളവ നിറയും വരെ ആര്‍ഭാടവും നെഞ്ചിടിപ്പും കൂടും.