മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാര്‍ (37) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശരതിന്റെ മൃതദേഹം കണ്ടെത്തി. ഫെര്‍സിലിന്റെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.

റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതോടെ കുടുംബം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ന്യൂസിലന്റിലെ ടൂറിസ്റ്റ് കേന്ദ്രമായ ഫാങ്കരയില്‍ റോക് ഫിഷിങ് നടത്തുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം.

ഇവരുടെ വാഹനവും ഫോണുകളും ഷൂസും കടല്‍ത്തീരത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഫെര്‍സില്‍ ബാബുവും ശരതും കുടുംബസമേതമാണ് ന്യൂസിലന്റില്‍ താമസിക്കുന്നത്. അടുത്തിടെയാണ് സെന്‍ട്രല്‍ ഫാങ്കരയിലേക്ക് താമസം മാറിയത്. മരിച്ച ശരതിന് അഞ്ച് വയസുള്ള കുട്ടിയും ഫെര്‍സിലിന് നാല് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.