പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും സ്ഫോടനം നടത്തി കൊലപ്പെടുത്തിയ സംഭവം, പരിക്കേറ്റ കുഞ്ഞിന്റെ നില ഗുരുതരം

മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടോയിൽ വെച്ച് നടത്തിയ സ്‌ഫോടനം ആസൂത്രിതമാണെന്ന് പൊലീസ്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ മുഹമ്മദ്(52) ആസൂത്രിതമായി ഓട്ടോയിൽ ഗുണ്ട് വച്ച് തീകൊളുത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മുഹമ്മദിനു പുറമെ ഭാര്യ ജാസ്മിൻ(37), മകൾ ഫാത്തിമത്ത് സഫ(11) എന്നിവർ മരിക്കുകയും ഇവരുടെ മകളായ ഷിഫാന(അഞ്ച്)യെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കുടുംബപ്രശ്‌നത്തെ തുടർന്നാണ് കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദിന്റെ രണ്ടാം വിവാഹമാണ് പെരിന്തൽമണ്ണ ആക്കപ്പറമ്പ് സ്വദേശിയായ ജാസ്മിനുമായുള്ളത്. നേരത്തെ തന്നെ ഇവർ തമ്മിൽ കുടുംബതർക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു.