നീതുവിനു ഭർത്താവിനെ ആഫ്രിക്കയിൽ തന്നെ സംസ്കരിക്കേണ്ടിവന്നു, കരഞ്ഞു കലങ്ങുന്ന പ്രവാസ ജീവിതം

കോവിഡ് കാലത്ത് പ്രവാസ നാട്ടിൽ നിന്നും മലയാളികളുടെ കണ്ണീരും വിലാപവും തുടരുന്നു. കുടുംബം പോറ്റാൻ പോയ മക്കളുടെ മൃതദേഹം പോലും ഒരു നോക്ക് കാണാൻ ലഭിക്കാതെ നാട്ടിലെ ബന്ധുക്കളും ഏറെ സങ്കടത്തിൽ. ജീവിതത്തില്‍ നിറയെ സ്വപ്‌നങ്ങളുമായാണ് ഫറോക്കുകാരന്‍ ബാലു ആഫ്രിക്കയിലെ ഘാനയില്‍ എത്തിയത്. ഭാര്യ നീതുവും ഏക മകള്‍ രുദ്രലക്ഷ്മിക്കും ഒപ്പം ജീവിതം സുന്ദരമായി ജീവിക്കവെയാണ് വിളിക്കാത്ത അതിഥിയെ പോലെ ഹൃദയസ്തംഭനത്തിന്റെ രൂപത്തില്‍ മരണം എത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകാതെ വന്നതിനാല്‍ സംസ്‌കാരം അവിടെ തന്നെ നടത്തി. വ്യാഴാഴ്ചയാണ് ബാലുവിന്റെ ശവസംസ്‌കാരം നടന്നത്.പ്രവാസ ജീവിതത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത ഭീതിയിലൂടെയും കഷ്ടതകളിലൂടെയുമാണ്‌ രാജ്യത്തിനു പുറത്തുള്ള മലയാളികൾ ഇപ്പോൾ.

ബാലുവിന്റെ അകാലത്തിലുള്ള വിടപറച്ചിലില്‍ പകച്ച് നില്‍ക്കുകയാണ് ഭാര്യ നീതു. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാതെ ആറ് വയസുകാരി മകളും. ഇനി എന്ത് ചെയ്യണമെന്ന വലിയൊരു ചോദ്യ ചിഹ്നമാണ് ഇവരുടെ മുന്നിലുള്ളത്. നാട്ടിലേക്കുള്ള മടക്കത്തില്‍ അനശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇരുവരും ഘാനയില്‍ തന്നെ തുടരുകയാണ്. ഘാനയില്‍ എത്തിയപ്പോള്‍ തന്റെ കൈ ചേര്‍ത്ത് പിടിച്ച പ്രിയതമന്‍ ഇപ്പോളില്ലെന്ന് വിശ്വസിക്കാന്‍ പോലും നീതുവിന് സാധിച്ചിട്ടില്ല.

ഇനി മകള്‍ എന്ത് ചെയ്യും എന്നറിയാതെ നാട്ടില്‍ നീതുവിെ അച്ഛനും അമ്മയും ധര്‍മ്മ സങ്കടത്തിലുമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ബാലു മരിച്ചത്. ഘാനയില്‍ ഓട്ടോമൊബീല്‍ വര്‍ക്ഷോപ്പ് നടത്തി വരികയായിരുന്നു ബാലു. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് നീതുവിനെയും ബാലു ഘാനയിലേക്ക് കൊണ്ടുവന്നത്. ഒരുമിച്ചുള്ള ജീവിതം തുടങ്ങി അധികം വൈകാതെ തന്നെ മരണം ബാലുവിനെ കവര്‍ന്നെടുത്തു. ഭര്‍ത്താവിന്റെ മരണവും കോവിഡ് ഭീതിയും മൂലം ഇനി എന്താകും എന്ന് പോലുമാറിയാതെയാണ് നീതുവും മകളും ജീവിതം മുന്നോട്ട് നയിക്കുന്നത്. അപരിചിതമായ നാട്ടില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവര്‍. സംസാരിക്കാനോ കാര്യങ്ങള്‍ ഒന്ന് ചോദിച്ച് മനസിലാക്കാനോ പോലും ആരുമില്ലാത്ത അവസ്ഥയാണ് നീതുവിനെന്ന് ബാലുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

നീതു പലപ്പോഴും അബോധാവസ്ഥയിലാണ്. എന്നാല്‍ അമ്മയുടെ ഈ അവസ്ഥയ്ക്ക് എന്താണ് കാരണമെന്ന് പോലും ആറ് വയസുകാരി മകള്‍ രുദ്രാലക്ഷ്മിക്ക് അറിയില്ല. അക്രയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നീതുവിനെയും മകളെയും ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് പടര്‍ന്ന് പിടിക്കുന്നതതിനാല്‍ ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. ബാലുവിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സ്ഥലം പോലും നീതുവിന് ലഭിച്ചില്ല. ഒടുവില്‍ താമസ സ്ഥലത്ത് നിന്നും 40 കിലോമീറ്റര്‍ അകലെ മലയാളി അസോസിയേഷന്റെയും സുഹൃത്തുക്കളുടെ സഹായത്തോടെയും മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിരോധിച്ചതോടെ ഇനി എന്ത് ചെയ്യണമെന്ന് നീതുവിന് അറിയില്ല. അപരിചിതമായ സ്ഥലത്ത് മകള്‍ക്കൊപ്പം എത്രനാള്‍ നില്‍ക്കേണ്ടി വരും എന്നും നീതുവിന് അറിയില്ല. ഒറ്റപ്പെട്ടു കഴിയുന്ന നീതുവിനെയും മകളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാലുവിന്റെ സുഹൃത്തുക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ കത്തുകള്‍ അയച്ചിട്ടുണ്ട്.