80 ലക്ഷം തട്ടിപ്പറിച്ച് ഓടിയ കള്ളനെ കാല്‍ വെച്ച് വീഴ്ത്തി, ദുബായില്‍ താരമായി മലയാളി യുവാവ്

ദുബായ്: ദുബായില്‍ മലയാളിയുടെ മനസാന്നിധ്യം കൊണ്ട് തിരികെ കിട്ടിയത് 80 ലക്ഷം രൂപ. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫര്‍ എന്ന 40കാരനാണ് തന്റെ സമയോചിതമായ ഇടപെടലിലൂടെ കള്ളനെ പിടികൂടാന്‍ സഹായിച്ചത്. പണവും തട്ടിയെടുത്ത് ഓടുകയായിരുന്ന കള്ളനെ നിമിഷ നേരങ്ങള്‍ കൊണ്ട് ജാഫര്‍ കുത്തുകാല്‍ വെച്ച് താഴെ വീഴിക്കുകയായിരുന്നു. പിന്നാലെ എത്തിയ ആളുകള്‍ കള്ളനെ കീഴടക്കി.

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപത്തുള്ള ഗിഫ്റ്റ് ഷോപ്പിന് അരികില്‍ ആണ് സംഭവം ഉണ്ടായത്. വിസിറ്റിങ് വിസയിലാണ് ജാഫര്‍ ദുബായില്‍ എത്തിയത്. ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായം ചെയ്ത് വരികയായിരുന്നു. ഉച്ചക്ക് ശേഷം പെട്ടെന്നാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധുവായ നജീബ് തൊവയില്‍ കള്ളന്‍ കള്ളന്‍ പിടിച്ചോ എന്ന് അലറി വിളിച്ചത്. കടയില്‍ നിന്ന് ജാഫര്‍ പെട്ടെന്ന് ഇറങ്ങി നോക്കുമ്പോള്‍ ഓടിയെത്തുന്ന കള്ളനെയാണ് കണ്ടത്. ഉടന്‍ തന്നെ കാല് വെച്ച് കള്ളനെ വീഴിച്ചു. തെറിച്ചു വീണ കള്ളന്‍ വീണ്ടും ഓടാനായി ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും ഓടിയെത്തി പിടികൂടുകയായിരുന്നു.

കള്ളനെ പിന്നീട് പോലീസിന് കൈമാറി. ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോയ ഇന്ത്യക്കാരന്റെ പണമാണ് തിരികെ കിട്ടിയതെന്നാണ് വിവരം. നാല് ലക്ഷത്തോളം ദിര്‍ഹമാണ് കള്ളന്‍ അപഹരിക്കാന്‍ ശ്രമിച്ചത്. 30 വയസ്സുള്ള ഏഷ്യാക്കാരനാണ് പിടിയിലായത്. കള്ളനെ കയറി പിടിക്കുന്നതിനേക്കള്‍ പെട്ടെന്ന് കാല് വെച്ച് വീഴിക്കാനാണ് തോന്നിയതെന്ന് ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ ജാഫര്‍ പറയുന്നു.

നേരത്തെ അലൈനില്‍ ഷെയ്ഖ് ഈസാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൊട്ടാരത്തില്‍ ഡ്രൈവറായിരുന്നു ജാഫര്‍. അടുത്ത ജോലിയില്‍ പ്രവേശിക്കാനായി ദുബായില്‍ എത്തിയതാണ് അദ്ദേഹം. ഉമ്മ ജാസ്മിന്‍. ഭാര്യ:ഹസീന. മക്കള്‍: നെദ, നേഹ, മുഹമ്മദ് നഹ്യാന്‍.