ഭൂമിയിലെ മാലാഖമാരെന്ന് വിളിക്കപ്പെടുന്ന ഞങ്ങള്‍ കരയുന്ന നിമിഷമാണിത്, രോഗം പോസിറ്റീവ് ആയ മലയാളി നഴ്‌സ് സൗദിയില്‍ നിന്നും അനുഭവം തുറന്ന് പറയുന്നു

യാതൊരു ദയയും കാണിക്കാതെ ലോകം മുഴുവന്‍ വരിഞ്ഞ് മുറുക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. രോഗം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഏവരും വീടുകളില്‍ തന്നെ ഒതുങ്ങുകയാണ്. എന്നാല്‍ ഇതിന് സാധിക്കാത്ത ഒരു വിഭാഗമാണ് ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളെ ശുശ്രൂഷിക്കുന്നത്. ഇതിനിടെ പല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപെടുന്നുമുണ്ട്. ഇത്തരത്തില്‍ കോവിഡ് 19 പോസിറ്റീവ് ആയ മലയാളി നഴ്‌സ് തന്റെ അനുഭവങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ്. അബുദാബി മുസഫ എല്‍എല്‍എച്ച് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആലപ്പുഴ കണ്ണഞ്ചേരി സ്വദേശി സി.എസ്. സുറുമിയാണ് തന്റെ കൊറോണ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഐസലേഷനില്‍ കഴിയുമ്പോഴും ടിക് ടോക് വിഡിയോകള്‍ പുറത്തിറക്കി, പോസിറ്റീവ് ചിന്തകളിലൂടെ ആളുകളില്‍ കോവിഡ് അവബോധമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു സുറുമി.

സുറുമിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പാഠം ഒന്ന്: പോസിറ്റിവ് ഈസ് നെഗറ്റിവ്, ഏപ്രില്‍ രണ്ടിനാണ് നഴ്‌സിങ് സൂപ്രണ്ടിന്റെ ആ കോള്‍ വന്നത്. കോവിഡ് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കി മൂന്നു ദിവസം പിന്നിട്ടതിനാല്‍ ഫലം അറിയിക്കാന്‍ ആകുമെന്ന ഉള്‍വിളിയില്‍ പെട്ടന്നുതന്നെ ഫോണ്‍ എടുത്തു. ആത്മവിശ്വാസവും ധൈര്യവും പകരുന്ന വാക്കുകളുടെ ആമുഖത്തില്‍ സിസ്റ്റര്‍ പറഞ്ഞ ആ വാക്ക് മാത്രമേ പിന്നീട് കുറെ നേരം മനസ്സില്‍ തങ്ങി നിന്നുള്ളൂ ‘പോസിറ്റിവ്’. ഇത്രയും പോസിറ്റീവ് ആയ ഇത്രയും കാലം നമ്മള്‍ക്കെല്ലാം ഊര്‍ജം പകര്‍ന്ന ആ വാക്ക് വൈറസ് നിഘണ്ടുവിലെ അര്‍ഥത്തിലൂടെ എന്നെ നന്നായി തളര്‍ത്തി. ലോകമാകെ പടരുന്ന ഈ വൈറസ് എന്റെ ശരീരത്തെ ബാധിച്ചല്ലോ എന്ന നടുക്കം. ഒപ്പം ഞങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു ശക്തമായി പോരാടുന്ന ഈ ശത്രു എന്റെ പ്രതിരോധങ്ങളെയെല്ലാം കീഴ്‌പ്പെടുത്തിയല്ലോയെന്ന വിഷാദം. കണ്ണുകള്‍ നിറഞ്ഞു തൂവി. മനസില്‍ വലിയ ഭാരമടിഞ്ഞു.

സിസ്റ്ററുടെ ഫോണ്‍ വയ്ക്കുന്നതിന് മുന്‍പ് നാട്ടിലുള്ള മോളുമായി ഒന്ന് വിഡിയോകോള്‍ ചെയ്യാന്‍ അവസരം ഒരുക്കണമെന്ന ഒരു അഭ്യര്‍ഥന മാത്രമേ മുന്നോട്ടു വച്ചിരുന്നുള്ളൂ. പോകുന്ന ആശുപത്രിയില്‍ അതിനുള്ള സൗകര്യം ഉള്ളതിനാല്‍ അതൊന്നും ഓര്‍ത്തു ആശങ്കവേണ്ടെന്ന് സിസ്റ്റര്‍ സമാധാനിപ്പിച്ചു. തലവേദനയും പനിയും അടക്കമുള്ള ലക്ഷണങ്ങളുമായി കഴിഞ്ഞ നാല് ദിവസം ആശുപത്രിയില്‍ നിന്ന് മാറി നിന്നതുകൊണ്ട് തന്നെ ഈ ദിവസങ്ങളിലെ വീട്ടു വിശ്രമത്തില്‍ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഫലം പോസിറ്റിവ് ആയാലും നാട്ടിലുള്ള വീട്ടുകാരോട് അക്കാര്യം പറയില്ല. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു സൗദി അറേബ്യയിലുള്ള ഭര്‍ത്താവിനെ വിളിച്ചു. മറ്റാരോടും പറഞ്ഞു അവരെ ആശങ്കയിലാക്കേണ്ടെന്നു ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. പരസ്പരം ആശ്വസിപ്പിച്ചു ഫോണ്‍ വച്ചു.

പാഠം രണ്ട്: പോസിറ്റിവ് ഈസ് പോസിറ്റിവ്, അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ കോവിഡ് ഐസൊലേഷന്‍ റൂമില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെ ഇന്റര്‍നെറ്റടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ, ഐസലേഷന്‍ റൂമിലെ ഒറ്റപ്പെടലിനെ മറികടക്കാന്‍ അതൊന്നും എനിക്ക് കൂട്ടായില്ല. ആള്‍ക്കാരോട് നിരന്തരം സംസാരിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്നതായിരുന്നു എന്റെ പ്രകൃതം. ഐസലേഷന്‍ മുറിയിലെ നിശബ്ദത എന്റെ ഒറ്റപ്പെടല്‍ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ പിപിഇ ധരിച്ചു വന്നുപോകുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും മാത്രമായിരുന്നു അല്‍പ്പമെങ്കിലും ആശ്വാസം. ഏതാനും ദിവസങ്ങള്‍ മുന്‍പ് വരെ കോവിഡ് ഐസലേഷനില്‍ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു ജോലിചെയ്ത ഞാന്‍ തന്നെ മാനസികമായി ഇങ്ങനെ ദുര്‍ബലയായാലോ എന്ന തോന്നല്‍ പിന്തുടര്‍ന്നെത്തിയത് രണ്ടാം ദിവസം. എന്റെ അവസ്ഥ ഇതാണെങ്കില്‍ കോവിഡിനെപറ്റി അറിയാത്ത സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നായിരുന്നു ഞെട്ടലോടെയുള്ള തിരിച്ചറിവ്. ടിക് ടോക്കിലും സമൂഹമാധ്യമങ്ങളിലുമൊക്കെ സജീവമായി ഇടപെടുന്ന ആളായതിനാല്‍ അവയിലൂടെ ആള്‍ക്കാര്‍ക്ക് ധൈര്യവും അറിവും പകരാന്‍ ശ്രമിച്ചാലോ എന്ന ആലോചനയിലേക്കെത്തുന്നത് അങ്ങനെയാണ്.

പാഠം മൂന്ന്: നല്‍കുന്തോറും ഇരട്ടിയാകും പോസിറ്റിവ് ഊര്‍ജം., കോവിഡ് പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ, രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എന്ത് ചെയ്യണം, വൈറസ് സ്ഥിരീകരിച്ചവര്‍ എന്ത് ചെയ്യണം എന്നൊക്കെ വ്യക്തമാക്കുന്ന വിഡിയോകള്‍ ചെയ്ത് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു. കോവിഡ് ബാധിതയാണെന്ന കാര്യം പറയാതെയായിരുന്നു ആ വിഡിയോകള്‍. വിഡിയോകള്‍ക്ക് ടിക് ടോക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രവാസി സഹോദരങ്ങളില്‍ നിന്നടക്കം മികച്ച പ്രതികരണം. കോവിഡ് ഐസലേഷന്‍ റൂമിലെ എന്റെ മനസിലേയ്ക്ക് അങ്ങനെ കാറ്റും വെളിച്ചവും വന്നുതുടങ്ങി. വരാനിരിക്കുന്ന ദിവസങ്ങളില്‍ വിരസതയെ കീഴ്‌പ്പെടുത്താന്‍ മുന്നില്‍ ഒരു വഴി തെളിഞ്ഞുവന്നു.

നേരത്തെ പല സാമൂഹിക പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നത് കൊണ്ട് യുഎഇയിലെ ചില സന്നദ്ധ സേവകരുടെ കോള്‍ എന്നെ തേടിയെത്തുന്നത് ആ ദിവസങ്ങളിലാണ്. ബോധവല്‍ക്കരണത്തിനുള്ള ഈ വിവരങ്ങള്‍ പങ്കുവച്ച് എന്തുകൊണ്ട് ആള്‍ക്കാരെ മാനസികമായി പോസിറ്റിവ് ആക്കിക്കൂടെന്നായിരുന്നു കെഎംസിസി അടക്കമുള്ള സംഘടനകളില്‍ നിന്നുള്ള അവരുടെ ചോദ്യം. ഐസലേഷനിലെ ഏകാന്തതമാറ്റാനും എന്റെ അനുഭവം മറ്റുള്ളവര്‍ക്ക് കരുത്തുപകരാന്‍ ഉപയോഗിക്കാനുമുള്ള സാധ്യതയാണ് ഞാന്‍ അതില്‍ കണ്ടത്. അവരില്‍ നിന്ന് നമ്പറുകള്‍ ശേഖരിച്ചു ഞാന്‍ ആള്‍ക്കാരെ വിളിച്ചു തുടങ്ങി!

ആദ്യ ദിവസങ്ങളിലെ വിളികളില്‍ ഒന്ന് വലിയ ആശങ്കയിലും പരിഭ്രാന്തിയിലും കഴിയുന്ന ഒരു കുടുംബത്തിലേക്കായിരുന്നു. വീട്ടില്‍ ഉപ്പയും മകളും പോസിറ്റിവ്. ഉപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധിക്കാതിരിക്കാന്‍ മകള്‍ ഉമ്മയെ അടുത്തുവരാന്‍ പോലും സമ്മതിക്കുന്നില്ല. ആകെ പരിഭ്രാന്തമായ സാഹചര്യം. ഞാന്‍ 14 വയസുള്ള ആ കുട്ടിയോടാണ് ആദ്യം സംസാരിച്ചത്. കോവിഡ് ബാധിതര്‍ അതിനെ അതിജീവിക്കുന്നതിനെപ്പറ്റി പറഞ്ഞാശ്വസിപ്പിച്ചു.

പിന്നാലെ ഉമ്മയോടും വിശദമായി സംസാരിച്ചു. നഴ്‌സെന്ന രീതിയില്‍ എനിക്ക് അറിയാവുന്ന വിവരങ്ങള്‍ അവരെ അറിയിച്ചു, ധൈര്യവും മാനസിക പിന്തുണയും നല്‍കി. അവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന് അടുത്ത ഫ്‌ളാറ്റുകളില്‍ ഉള്ളവരും വലിയ പരിഭ്രാന്തിയില്‍ ആയിരുന്നു. അതില്‍ പലരെയും വിളിച്ചു സംസാരിച്ചു. ആശങ്ക ഒഴിവാക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും അവരെ ധരിപ്പിച്ചു. സംസാരിക്കുമ്പോഴും കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കുമ്പോഴും അവര്‍ക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് അന്നത്തെ അനുഭവത്തിലൂടെ കൂടുതല്‍ വ്യക്തമായത്. ഉറ്റവരുടെ ഫലം പോസിറ്റിവ് ആണെന്നും എങ്ങനെ ഈ സാഹചര്യം നേരിടാന്‍ കഴിയുമെന്നും കുടുംബങ്ങളിലെ സ്ത്രീകളെ ബോധവല്‍ക്കരിക്കാനുള്ള ഫോണ്‍ വിളികള്‍ ആയിരുന്നു ഇത്രയും നാളുകളില്‍ ഞാന്‍ ചെയ്തവയില്‍ ഏറെയും. ചിലര്‍ കണ്ണീരോടെയാണ് സംസാരം തുടങ്ങുക. ഫോണ്‍ വയ്ക്കുമ്പോള്‍ അല്‍പ്പമെങ്കിലും ശബ്ദം തെളിയും. ഞാന്‍ കോവിഡ് പോസിറ്റിവ് ആണെന്ന് പറയാതെ ആള്‍ക്കാര്‍ക്ക് പോസിറ്റിവ് ഊര്‍ജം നല്‍കാനുള്ള ആ ശ്രമങ്ങള്‍ അല്‍പ്പമെങ്കിലും ഫലം കാണുന്നത് നല്‍കിയ സന്തോഷം ചെറുതല്ല.

പാഠം നാല്: പരീക്ഷണങ്ങളില്‍ തളരരുത്, ഏപ്രില്‍ 19 ആം തിയതി എന്റെ ആറാമത്തെ സാമ്പിള്‍ റിസള്‍ട്ട് വന്നു. നെഗറ്റിവ് ആയിരുന്നു. വലിയ സന്തോഷമായി, വൈകാതെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയിലായി. ഭര്‍ത്താവിനെയും സഹപ്രവര്‍ത്തകരെയും വിളിച്ചറിയിച്ചു. പക്ഷേ അടുത്ത സാമ്പിള്‍ വന്നപ്പോള്‍ വീണ്ടും പോസിറ്റിവ്. മാനസികമായി വീണ്ടും ബുദ്ധിമുട്ടി. അധികം നിരാശയാകാന്‍ എന്നെത്തന്നെ അനുവദിക്കാതെ വീണ്ടും ടിക് ടോക് വിഡിയോയും ആള്‍ക്കാരോട് സംസാരിക്കലും തുടര്‍ന്നു. ഈ നാളുകളിലും ഞാന്‍ ഫോണില്‍ ബന്ധപ്പെടുന്നവരോ, ടിക് ടോക്കില്‍ എന്നെ കാണുന്നവരോ ഒന്നും അറിഞ്ഞിരുന്നില്ല ഐസലേഷന്‍ റൂമിലാണ് ഞാനെന്ന്. കഴിഞ്ഞ ദിവസമാണ് എന്റെ അവസാന നെഗറ്റിവ് റിസള്‍ട്ട് വന്നത്. അപ്പോഴേക്കും ഐസലേഷനില്‍ കടന്നു പോയത് 29 ദിവസങ്ങള്‍. റിസള്‍ട്ട് വന്ന ദിവസം വൈകിട്ട് ആശുപത്രി വിട്ട ശേഷം ഞാന്‍ നാട്ടിലേയ്ക്ക് വിളിച്ചു. കോവിഡ് പോസിറ്റിവ് ആയിരുന്നുവെന്നും ഇപ്പോള്‍ മുക്തയായെന്നും അറിയിച്ചു. ഞെട്ടലോടെ കേട്ട ആ വാര്‍ത്ത ദീര്‍ഘ നിശ്വാസത്തിലൂടെ ഒരു പേടിസ്വപ്നത്തെയെന്നപോലെ അവര്‍ മറക്കാന്‍ ശ്രമിച്ചു.

പാഠം അഞ്ച്: മാനസിക അടുപ്പം വേണം, തെറ്റിധാരണകള്‍ വേണ്ടേ വേണ്ട!, തിരിച്ചു റൂമിലെത്തി വീണ്ടും ക്വാറന്റീനില്‍ തുടരുകയാണിപ്പോള്‍. ആള്‍ക്കാരെ വിളിക്കുന്നതും അവര്‍ക്ക് ധൈര്യം നല്‍കുന്നതും തുടരുന്നു. ഇപ്പോള്‍ വിളിക്കുന്നവരോട് ഞാന്‍ കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്നും എങ്ങനെ അതിനെ മറികടന്നെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലൂടെ പറയാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടു കേള്‍ക്കുന്നവര്‍ക്കും വലിയ സമാധാനമുണ്ട്. കഴിഞ്ഞ ദിവസം അല്‍ ഐനിലുള്ള ഒരാളെ വിളിച്ചിരുന്നു. പോസിറ്റീവ് ആയി പിന്നീട് ഭേദപ്പെട്ട് റൂമില്‍ എത്തിയപ്പോള്‍ സഹമുറിയന്മാരില്‍ നിന്നും അകല്‍ച്ച നേരിടുന്നുവെന്നതാണ് അയാളുടെ ദുരനുഭവം. ആളോട് സംസാരിച്ചു സഹമുറിയന്മാരെ കാര്യങ്ങള്‍ ധരിപ്പിച്ചു. വൈറസിനെപ്പറ്റി ലോകത്തിന് അറിയുന്ന കാര്യങ്ങള്‍ പോലും മനസിലാക്കാതെ കതകടച്ചിരുട്ടാക്കുകയാണ് നമ്മുടെ ചുറ്റിലുമുള്ള ചിലരെങ്കിലും. കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ചാല്‍ അവരുടെ തെറ്റിധാരണ നീങ്ങുമെന്നുറപ്പാണ്.

പാഠം ആറ്: അതിജീവനഗാഥകള്‍ ആശങ്കകള്‍ക്ക് മറുമരുന്ന്, കോവിഡ് പോസിറ്റിവ് ആയി മരിക്കുന്നവരുടെ എണ്ണം കണ്ടു ഞെട്ടുകയാണ് നമ്മളില്‍ ഏറെപ്പേരും. വൈറസിനെ അതിജീവിച്ചു തിരിച്ചുവന്നവരുടെ കാര്യം കാണുന്നില്ല. അതിജീവിച്ചവരാണ് കൂടുതലുമെന്നതാണ് യാഥാര്‍ഥ്യം. അവരുടെ എണ്ണം അറിഞ്ഞാല്‍, അവരെ കണ്ടാല്‍ ഈ രോഗത്തോടുള്ള ഭീതിമാറും. അതിജീവനവും അവരുടെ അനുഭവങ്ങളും മറ്റുള്ളവര്‍ക്ക് കരുത്തുപകരുമെന്നതാണ് എന്റെ അനുഭവം. അത് ആള്‍ക്കാരെ അറിയിക്കാനാണ് വൈറസ് മുക്തയായ ശേഷം വീഡിയോകളിലൂടെയും കോളുകളിലൂടെയും ശ്രമിച്ചത്.

റിവിഷന്‍: ഈ കാലവും കഴിഞ്ഞു പോകും. നഴ്‌സുമാര്‍ മാലാഖമാരാണെന്ന് നിപയ്ക്ക് ശേഷം നമ്മള്‍ മലയാളികള്‍ പറഞ്ഞു. കോവിഡ് കാലത്തും അത് കേള്‍ക്കുന്നതില്‍ അഭിമാനമുണ്ട്. കോവിഡ് ശേഷവും അത് അങ്ങനെതന്നെയാകണം. സമൂഹം ആരോഗ്യ പ്രവര്‍ത്തകരുടെ സംഭാവനകള്‍ എന്നും ഓര്‍ത്തിരിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ വ്യക്തി ജീവിതത്തിലെ ഒരു തീക്ഷ്ണാനുഭവം സമഹവുമായി പങ്കുവയ്ക്കാന്‍ ഞാന്‍ കഴിഞ്ഞ ദിവസം ഒരു ടിക് ടോക് വിഡിയോ ചെയ്തു. റിസള്‍ട്ട് അറിഞ്ഞ നേരത്തിലെ എന്നെ ഒരിക്കല്‍ കൂടി വിഡിയോയില്‍ പകര്‍ത്തിക്കൊണ്ടായിരുന്നു അത്. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത ആ വിഡിയോയ്ക്ക് ഞാന്‍ നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: ‘ഭൂമിയിലെ മാലാഖമാരെന്ന് വിളിക്കപ്പെടുന്ന ഞങ്ങള്‍ കരയുന്ന നിമിഷമാണിത്. കണ്ണീര്‍ അടക്കിപ്പിടിച്ചാലും ചിലപ്പോള്‍ കരച്ചില്‍ വരുന്ന നേരം. ഇത് എന്റെ മാത്രം അനുഭവമല്ല. അസംഖ്യം ആരോഗ്യപ്രവര്‍ത്തകര്‍ കടന്നു പോകുന്ന നേരം.