ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിക്ക് 7.1 കോടി ലോട്ടറി അടിച്ചു

ദുബായ്: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കവെ മലയാളിക്ക് ദുബായ് ഭാഗ്യ ദേവതയുടെ കടാക്ഷം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചു. പത്ത് ലക്ഷം ഡോളര്‍ (ഏകദേശം 7.61 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിച്ചത്. തൃശൂര്‍ സ്വദേശിയായ അജിത്ത് നരേന്ദ്രന്‍ എന്ന 46 കാരനാണ് ഈ സൗഭാഗ്യം കൈവന്നത്. തൃശൂരിലുള്ള ഒരു സുഹൃത്തുമായി ചേര്‍ന്നാണ് അജിത്ത് ടിക്കറ്റ് എടുത്തത്.

അബുദാബിയിലെ മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനാണ് അജിത്ത്. ഇവിടുത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കെയാണ് അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. അടുത്തിടെയാണ് ടിക്കറ്റ് എടുത്ത് തുടങ്ങിയതെന്നാണ് അജിത്ത് പറയുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അജിത്ത് യു എ ഇയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്.

നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനത്തിന് പുറമെ രണ്ടും മൂന്നും സമ്മാനം മലയാളികള്‍ക്ക് തന്നെയാണ് ലഭിച്ചത്. ബര്‍ദുബായില്‍ താമസിക്കുന്ന ടി അബ്ദുല്‍ ജലീലിന് രണ്ടാം സമ്മാനമായ മോട്ടോ ഗസി വി85 ബൈക്കും രാജേഷ് ബാലന്‍ പടിക്കലിന് മൂന്നാം സമ്മാനമായ മോട്ടോ ഗസി ഓഡെസ് ബൈക്കും ലഭിച്ചു. ഏബ്ദുല്‍ ജലീല്‍ നാട്ടിലാണ്.

കോവിഡ് രോഗം പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോലിന്‍ നറുക്കെടുപ്പ് നടത്തിയത്.