മലയാളികളുടെ വിവാഹത്തിനായി അമേരിക്കയില്‍ കോടതി തുറന്നു, ജോബിനും നീതുവിനും തുണയായാത് മലയാളി ജഡ്ജി

കുമ്പനാട്: കോവിഡ് 19 പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി വിവാഹങ്ങളാണ് മുടങ്ങിയത്. പല വിവാഹങ്ങള്‍ മാറ്റി വെച്ചപ്പോള്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് ചില വിവാഹങ്ങള്‍ നടത്തി. ഇത്തരത്തില്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്നും എത്തുന്നതും മലയാളികളുടെ വിവാഹ വാര്‍ത്തയാണ്. കടലുകള്‍ താണ്ടി വരന്‍ അമേരിക്കയില്‍ എത്തിയപ്പോള്‍ ലോക്ക് ഡൗണ്‍ വിവാഹത്തിന് തടസമായി. ഒടുവില്‍ മലയാളിയായ ജഡ്ജിയാണ് വിവാഹത്തിന് രക്ഷകയായത്.

മുട്ടുമണ്‍ മണ്ണാകുന്നില്‍ ബിജു – ജോളി ദമ്പതികളുടെ മകന്‍ കൊല്‍ക്കത്തയില്‍ നഴ്‌സായ ജോബിനും കോട്ടയം കഞ്ഞിക്കുഴി വളഞ്ഞാറ്റില്‍ റെജി തോമസ് വത്സ – ദമ്പതികളുടെ മകള്‍ ഹൂസ്റ്റണില്‍ നഴ്‌സായ നീതു ആനി തോമസിന്റെയും വിവാഹമാണ് ഇങ്ങനെ നടന്നത്. കഴിഞ്ഞ വര്‍ഷം മെയ് 23നാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

തുടര്‍ന്ന് ഈ മാസം 23ന് യുഎസിലെ ഹൂസ്റ്റണില്‍ യുണൈറ്റഡ് മെതഡിസ്റ്റ് പള്ളിയില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചു. വിവാഹത്തിനായി മാര്‍ച്ച് 22ന് ജോബിന്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഹൂസ്റ്റണില്‍ എത്തിയതോടെ കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ വിലങ്ങുതടിയായി. പള്ളികളും ലോക്ക്ഡൗണില്‍ പൂട്ടി. വിവാഹം നടന്നില്ലെങ്കില്‍ വിസ കാലാവധി തീരുന്നതിന് മുമ്പ് ജോബിന് മടങ്ങേണ്ടി വരുമായിരുന്നു.

സാഹചര്യങ്ങള്‍ മനസിലാക്കി ഇവരുടെ വിവാഹത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി കോടതി കവാടം തുറന്നു. ടെക്‌സസ് ഫോര്‍ട് ബെന്‍ കൗണ്ടി കോര്‍ട്ട് 3ലെ ജഡ്ജിയായ വെണ്ണികുളം തിരുവറ്റാല്‍ ജൂലി മാത്യുവാണ് ഇരുവര്‍ക്കും സഹായകമായത്. കൗണ്ടിയുടെ അനുമതി പത്രം വാങ്ങിയ ശേഷം നിയമപ്രകാരം കോടതി മുന്‍പാകെ ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു. ലോക്ഡൗണ്‍ ചട്ടം പാലിച്ച് 10 പേര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഓഗസ്റ്റ് 22 ന് അവിടെ സിഎസ്‌ഐ പള്ളിയില്‍ ഇവരുടെ വിവാഹം നടക്കും.