മകന് എല്ലാ വിഷയത്തിലും എ പ്ലസ്, സമ്മാനവുമായി നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

മക്കള്‍ പരീക്ഷകള്‍ എഴുതിയാല്‍ മികച്ച മാര്‍ക്കോടെ വിജയിക്കണം എന്നാണ് ആഗ്രഹം. ഇത്തരത്തില്‍ മകന്റെ വിജയത്തില്‍ ഏറെ സന്തോഷവാനായിരുന്നു കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മന്‍ച്ചക്കല്‍. ഇദ്ദേഹത്തിന്റെ മകന്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. ഈ സന്തോഷത്തില്‍ മകന് സമ്മാനവുമായി നാട്ടിലേക്ക് തിരിക്കുമ്പോള്‍ 50കാരനായ പവിത്രന്‍ അറിഞ്ഞിരുന്നില്ല ഇത് തന്റെ അന്ത്യയാത്ര ആയിരിക്കുമെന്ന്. വിമാനത്താവളത്തില്‍ വെച്ച് കുഴഞ്ഞ് വീണായിരുന്നു പവിത്രന്റെ മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ദാരുണ സംഭവം ഉണ്ടായത്. അജ്മാനിലെ ഒരു ജ്വല്ലറിക്ക് കീഴില്‍ സ്വര്‍ണാഭരണ നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്നു പവിത്രന്‍. എന്നാല്‍ കോവിഡ് മൂലം കഴിഞ്ഞ മൂന്ന് മാസമായി ജോലിയില്ലാതെ കഴിയുകയായിരുന്നു ഇദ്ദേഹം. ഒടുവില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിമാന ടിക്കറ്റ് സ്വന്തമാക്കുകയും നാട്ടിലേക്ക് തിരികെ പോരാനും തീരുമാനിച്ചു. ഇതിനായി അജ്മാനില്‍ നിന്നും ബസ് മാര്‍ഗം റാസല്‍ഖൈമയില്‍ എത്തി. ചാര്‍ട്ടേര്‍ഡ് വിമാനമായ സ്‌പൈസ് ജെറ്റില്‍ ആയിരുന്നു പവിത്രന് ടിക്കറ്റ് ലഭിച്ചത്.

മകന്റെ എസ് എസ് എള്‍സി ഫലം വന്ന ദിവസം തന്നെ നാട്ടിലേക്ക് മടങ്ങാനായതിന്റെ സന്തോഷത്തില്‍ ആയിരുന്നു പവിത്രന്‍. മാത്രമല്ല എല്ലാ വിഷയത്തിലും മകന്‍ ധനൂപ് എ പ്ലസ് നേടിയതില്‍ ഇരട്ടി സന്തോഷവും അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് പവിത്രന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ മകന് സമ്മാനമായി അവന്‍ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്നു മൊബൈല്‍ ഫോണും വാങ്ങിയായിരുന്നു മടക്കം. നാട്ടിലേക്ക് പോകാന്‍ പുറപ്പെട്ട പവിത്രനെ ഫോണില്‍ ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് മരണ വിവരം അറിയുന്നത്. സുമിത്രയാണ് ഭാര്യ. ധനുഷ, ധമന്യ എന്നിവര്‍ മറ്റു മക്കളാണ്. സഹോദരങ്ങള്‍: രവീന്ദ്രന്‍, ശോഭ.