യുഎഇയിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് മലയാളി യുവാവ്, രണ്ടാം ഡോസ് സ്വീകരിച്ചു

അബുദാബി: ലോകം മുഴുവന്‍ കോവിഡിന് എതിരെ പോരാടുകയാണ്.കോവിഡിന് എതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യങ്ങള്‍.ഇതിനിടെ റഷ്യ വാക്‌സിന്‍ കണ്ടുപിടിച്ചു എന്ന അവകാശ വാദവും ഉയര്‍ന്നു.ഇപ്പോള്‍ യുഎഇയില്‍ കോവിഡ് 19 വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മലയാളികള്‍ക്ക് അഭിമാനം ആയിരിക്കുകയാണ് ഒരു യുവാവ്.അബുദാബിയിലെ എല്‍എല്‍എച്ച് ആശുപത്രിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്ത് വന്നിരുന്ന കോഴിക്കോട് അരീക്കാട് നല്ലളം സ്വദേശി അന്‍ഫാന്‍ കളത്തിങ്ങല്‍(38)ആണ് യുഎഇ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തത്.

അന്‍ഫാന്‍ ആദ്യ ഡോസ് സ്വീകരിച്ചതത് മൂന്ന് ആഴ്ച മുമ്പായിരുന്നു.ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം ഇതുവരെ യാതൊരു ശാരീരിക പ്രയാസങ്ങളും അുഭവപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.യുഎഇയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയം ആവശ്യക്കാര്‍ക്ക് ഭക്ഷണവും മരുന്നും മറ്റും എത്തിക്കാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്ന ആളാണ് അന്‍ഫാന്‍.മുഹമ്മദ് കോയ-നിഷാത് ദമ്പതികളുടെ മകനാണ്. ഭാര്യ:ഷാഹിന.മക്കള്‍:ദിനാ അന്‍ഫാന്‍.

ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍കമ്പനിയായ സിനോഫാം ചൈന നാഷനല്‍ ബയോട്ടിക് ഗ്രൂപ്പ്,അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ജി42 എന്നിവയുടെ സഹകരണത്തോടെ അബുദാബി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് വാക്‌സീന്‍ നിര്‍മാണം നടക്കുന്നത്.മലയാളികളടക്കം ആയിരക്കണക്കിന് പേര്‍ ഇതിനകം വാക്‌സീന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.ഇതുവരെ വളരെ നല്ല വാര്‍ത്തകളാണ് വാക്‌സീന്‍ സംബന്ധിച്ച് പുറത്ത് വരുന്നത്.