സൂചി കുത്തിയപ്പോള്‍ പേടിയോ വേദനയോ അല്ല തോന്നിയത്, അഭിമാനമാണ്, യുഎഇയില്ഡ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ മലയാളി പറയുന്നു

ദുബായ്: ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുകയാണ്. വാക്‌സിനായി ഓരോ രാജ്യങ്ങളും രാപ്പകല്‍ അന്യേ പ്രവര്‍ത്തിക്കുകയാണ്. ഇതിനിടെ റഷ്യ വാക്‌സിന്‍ കണ്ട് പിടിക്കുകയും പരീക്ഷിക്കുകയും ചെയ്തു. യുഎഇയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്ക് ചേര്‍ന്നിരിക്കുകയാണ് ഒരു മലയാളിയും. പട്ടാമ്പി അള്ളന്നൂര്‍ അന്‍സാര്‍ മുഹമ്മദ് ആണ് ആ അവസരം ആഹ്ലാദത്തോടെ സ്വീകരിച്ചിത്. വലതുകയ്യില്‍ സൂചി കുത്തിയപ്പോള്‍ പേടിയോ വേദനയോ അല്ല തോന്നിയത്, അഭിമാനമാണ്. കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനു ഞാനും തിരഞ്ഞെടുക്കപ്പെട്ടല്ലോ..’- അദ്ദേഹം പറഞ്ഞു.

യുഎഇയില്‍ കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരായവരില്‍ അനസാറുമുണ്ട്. രണ്ട് ഡോസുകള്‍ വീതമുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ അനുഭവം അന്‍സാര്‍ തന്നെ വിവരിക്കുകയാണ്. ‘വാക്‌സിനേഷന്‍ പരീക്ഷണത്തിനു സമ്മതമുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംഘടിപ്പിച്ചിരുന്നു. ഒരുപാടു മാനദണ്ഡങ്ങള്‍ പാലിച്ചാണ് റജിസ്‌ട്രേഷന്‍. 55 വയസ്സിനു താഴെയുള്ളവരാകണം, ആസ്ത്!മയോ പ്രമേഹമോ ഹൃദ്രോഗമോ പാടില്ല, ഹൃദ്രോഗമുണ്ടാകാന്‍ പാടില്ല, അലര്‍ജിയുള്ളവര്‍ ആകരുത് തുടങ്ങിയവയാണ് മാനദണ്ഡം. തിരഞ്ഞെടുക്കപ്പെട്ടവരോട് അബുദാബി എക്‌സ്ബിഷന്‍ സെന്ററിലെത്താനാണ് പറഞ്ഞത്. വാക്‌സീന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണം ചൈനയില്‍ കഴിഞ്ഞെന്നും മൂന്നാം ഘട്ടമാണ് യുഎഇയില്‍ നടക്കുന്നത് അധികൃതര്‍ വിശദീകരിച്ചിരുന്നു. വാക്‌സീന്റെ പാര്‍ശ്വഫലത്തെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കിയശേഷം ആരോഗ്യ പരിശോധന നടത്തി.

രക്തസമ്മര്‍ദം കൂട!ുതലാണെന്നു ചൂണ്ടിക്കാട്ടി പലരെയും മടക്കിയയച്ചു. കോവിഡ് ടെസ്റ്റ് അടക്കം ചെയ്ത ശേഷമാണ് വാക്‌സീന്‍ കുത്തിവച്ചത്. അരമണിക്കൂര്‍ കഴിഞ്ഞും അസ്വസ്ഥതകളൊന്നുമുണ്ടായില്ലെങ്കില്‍ വീട്ടില്‍ പോകാം. 24 മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ വിഡിയോ കോളിലൂടെ അവര്‍ നമ്മുടെ ആരോഗ്യ സ്ഥിതി ചോദിച്ചറിയും. 21 ദിവസം പൂര്‍ത്തിയായാല്‍ രണ്ടാം ഡോസ് തരും. അത്രമാത്രം.’ – അന്‍സാര്‍ പറഞ്ഞു.