ചരിത്ര സ്മാരകങ്ങളെക്കുറിച്ച് മോദി പറഞ്ഞതെല്ലാം മാൻഡരിൽ ഭാഷയിൽ ഷിയ്ക്കു പറഞ്ഞു കൊടുത്തത് മലയാളി

ഡല്‍ഹി :തർക്കങ്ങൾ മാറ്റിവെച്ച് വിവിധ പരസ്പര സഹകരണം മെച്ചപ്പെടുത്തിക്കൊണ്ടാണ് രണ്ടു ദിവസം നീണ്ട ഇന്ത്യ- ചൈന ഉച്ചകോടി മഹാബലിപുരത്ത് സമാപിച്ചത്. രണ്ട് അനൗപചാരിക ചർച്ചകളിലും ഒപ്പമുണ്ടായിരുന്ന ഒരു മലയാളി സാന്നിധ്യമുണ്ട്. പാലക്കാട് രാമശേരി സ്വദേശി ആർ മധുസൂദനൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങിനുമിടയിൽ ഭാഷാ വിവർത്തകനായത് ആർ മധുസൂദനൻ ആണ്.

മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് മോദി പറഞ്ഞതെല്ലാം മധുസൂദനനൻ മാൻഡരിൽ ഭാഷയിൽ ഷിയ്ക്കു പറഞ്ഞു കൊടുത്തു. വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഹിന്ദിയിലാണ് സംസാരിക്കാറുള്ളത്.

2007 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് മുപ്പത്തിനാലുകാരനായ മധുസൂദനൻ. 22-ാം വയസ്സിൽ ഐഎഫ്എസ് നേടിയ മധുസൂദനന്റെ സേവനമേറെയും ചൈനയിലും സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിലുമായായിരുന്നു.

ഏതാനും വർഷങ്ങളായി പ്രധാനമന്ത്രിയുടെ ഉന്നതതലയോഗങ്ങളിലെ പരിഭാഷകനാണ് മധുസൂദനൻ. 2014ൽ ഷിജിൻപിങ് ഇന്ത്യയിൽ എത്തിയപ്പോഴും 2018ലെ വുഹാൻ കൂടിക്കാഴ്ചയിലും ഭാഷാ പരിഭാഷകൻ മധുസൂദനൻ തന്നെയായിരുന്നു.