താൻ ഒരു താരമായി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി Mammootty.

താൻ ഒരു താരമായി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സൂപ്പർ താരം മമ്മൂട്ടി. വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയിരുതിരുന്നത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണെന്നാണ് മമ്മൂട്ടി പറയുന്നത്. ലാൽ ജോസിന്റെ പുതിയ സിനിമയായ ‘സോളമിന്റെ തേനീച്ചകളിലെ പുതുമുഖ താരങ്ങളോട് സംസാരിക്കവെയാണ് തന്റെ സിനിമ രംഗത്തെ അനുഭവവും ഓർമ്മകളും പങ്കുവെച്ചത്.

‘ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല’- മമ്മൂട്ടി പറഞ്ഞിരിക്കുന്നു.

സിനിമ തന്റെ അടുത്തേക്ക് വരട്ടെ എന്ന് കരുതിയിരിക്കരുതെന്നും എപ്പോഴും സിനിമയെ തേടി പോകണമെന്നും ആണ് തുടക്കക്കാരായ പുതുമുഖ താരങ്ങളോട് മമ്മൂട്ടി പറഞ്ഞത്. ഭാഗ്യംകൊണ്ട് ചിലപ്പോള്‍ ഒരു അവസരം കിട്ടിയേക്കും. ബാക്കി നമ്മുടെ പരിശ്രമമാണ് എന്നാണ് താരം പറഞ്ഞു. ‘സിനിമയില്‍ സ്ഥിരവരുമാ നത്തിന്റെ അനിശ്ചതാവസ്ഥ എല്ലാക്കാലവും സിനിമാക്കാരന്റെ കൂടെയുണ്ട്. അത് മറികടക്കാൻ സിനിമയ്‌ക്കൊപ്പം ഓടിയേ പറ്റൂ.

ഇനി തന്റെ അടുത്തേക്ക് എല്ലാവരും വരട്ടേയെന്ന് കരുതാവുന്ന ഒരു അവസ്ഥ ഒരിക്കലും ഇല്ല. നമ്മള്‍ സിനിമ തേടിപ്പോകണം. സിനിമയ്ക്ക് നിങ്ങളെയെന്നല്ല ആരെയും ആവശ്യമില്ല. ഭാഗ്യംകൊണ്ട് ചിലപ്പോള്‍ ഒരു അവസരം കിട്ടിയേക്കും. ബാക്കി നമ്മുടെ പരിശ്രമമാണ്. കഴിവുണ്ടായാല്‍ മാത്രമ പോരാ, കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തുക കൂടി വേണം – മമ്മൂട്ടി പറഞ്ഞു.

സിനിമ എന്നതല്ലാതെ മറ്റൊന്നും എന്നെ എക്‌സൈറ്റ് ചെയ്യിച്ചിട്ടില്ലന്നും മറ്റൊന്നും തേടിപോയിട്ടുമില്ലെന്നും താരം പറഞ്ഞു. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും തന്റെയുള്ളിലുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു കൂട്ടം പുതുമുഖങ്ങളെ വച്ച് ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സോളമിന്റെ തേനീച്ചകള്‍’.