ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരണവുമായി മമ്മൂട്ടി

കൊച്ചി. ശ്രീനാഥ്ഭാസിക്ക് പിന്തുണയുമായി മമ്മൂട്ടി. വിലക്ക് പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നും കൊച്ചിയില്‍ മമ്മൂട്ടി പ്രതികരിച്ചു. ശ്രീനാഥ്ഭാസി അവതാരകയെ അപമാനിച്ച സംഭവത്തില്‍ നിര്‍മ്മാതാക്കളുടെസംഘടന ശ്രീനാഥ്ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മമ്മൂട്ടിയുടെ റോഷാക്ക് എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

ശ്രീനാഥ്ഭാസിയുമായി ബന്ധപ്പെട്ട വിലക്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിലക്ക് മാറ്റിയില്ലേ എന്ന മറുചോദ്യമാണ് മമ്മൂട്ടി ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ തൊഴില്‍ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താന്‍ അറിഞ്ഞതെന്നും മമ്മൂട്ടി പ്രതികരിച്ചു.

അഭിമുഖത്തിനിടയില്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നിര്‍മാതാക്കളുടെ സംഘടന ശ്രാനാഥ്ഭാസിയെ ആറ്മാസത്തേക്കാണ് വിലക്കിയത്. അവതാരക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിച്ചു. കേസില്‍ ശ്രീനാഥ്ഭാസിയെ പോലീസ് അറസ്റ്റ് ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.