ലോക കാൻസർ ദിനത്തിൽ ഒരു ചെറിയ ഓർമപ്പെടുത്തൽ, നിങ്ങൾക്ക് ഇതിൽ നിന്ന് മുക്തി നേടാൻ സാധിക്കട്ടെ- മംമ്ത മോഹൻദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. നടിമാത്രമല്ല മികച്ച ഒരു ഗായിക കൂടിയാണ് നടി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മംമ്ത മാറുകയായിരുന്നു. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. കരിയറിൽ തിളങ്ങി നിൽക്കവെയാണ് താരത്തിന് ക്യാൻസർ പിടിപെടുന്നത്. 24-ാം വയസിലായിരുന്നു അത്. എന്നാൽ തളരാതെ ക്യാൻസറിനോട് പോരാടി ജീവിതം തിരികെ പിടിക്കുകയായിരുന്നു മംമ്ത. ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടി.

ലോക കാൻസർ ദിനത്തിൽ മംമ്‌ത മോഹൻദാസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്‌ത കുറിച്ചതിങ്ങനെയായിരുന്നു. സ്വയം കരുണയുള്ളവരായിരിക്കുക. നിങ്ങളുടെ ഉള്ളിലെ ഭാരത്തെയിറക്കി വയ്ക്കാൻ ശ്രമിക്കുക. ലോക കാൻസർ ദിനത്തിൽ ഒരു ചെറിയ ഓർമപ്പെടുത്തൽ. നിങ്ങൾക്ക് ഇതിൽ നിന്ന് മുക്തി നേടാൻ സാധിക്കട്ടെ.” മംമ്‌ത വളരെ ശക്തയായ വനിതയാണെന്ന് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്.

രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച നടിയാണ് മംമ്ത മോഹൻദാസ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വരുതിയിലാക്കുകയായിരുന്നു താരം. വ്യായാമം എന്നതിന് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പലപ്പോഴും ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മംമ്ത വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷണങ്ങൾ അവസാനിക്കുന്നില്ലെന്നും പുതിയൊരു അസുഖവുമായുള്ള പോരാട്ടത്തിലാണ് താനെന്നും മംമ്ത കുറച്ചു ദിവസങ്ങൾക്ക് മുൻപ് തുറന്നുപറഞ്ഞിരുന്നു. തനിക്ക് ഓട്ടോ ഇമ്യൂൺ ഡിസീസാണെന്നാണ് മംമ്ത വെളിപ്പെടുത്തിയത്. ‘പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു. മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ. നിന്റെ അനു​ഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും,’ മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് മംമ്ത കുറിച്ചതിങ്ങനെ.ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗമാണ് തനിക്കെന്ന് ഹാഷ് ടാഗുകളിൽ മംമ്ത സൂചിപ്പിച്ചിരുന്നു