ഞാനും ഇരയും അതിജീവിതയുമാണ്, വാക്കുകള്‍ വളച്ചൊടിക്കുന്നു, മംമ്ത മോഹന്‍ദാസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയുമൊക്കെയാണ് മംമ്ത മോഹന്‍ദാസ്. അര്‍ബുദത്തെ സധൈര്യം പോരടി തോല്‍പിച്ച ഒരാള്‍ കൂടിയാണ് മംമ്ത. നിരവധി ചിത്രങ്ങളാണ് പുറത്തെത്താനുള്ളത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നാണ് മംമ്ത പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ സമൂഹ മാധ്യമത്തില്‍ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കമെന്നും ഭൂരിപക്ഷം സ്ത്രീകളെപ്പോലെ താനും ഇരയും അതിജീവിതയുമായിട്ടുണ്ടെന്നും മംമ്ത പറഞ്ഞു.

മംമ്തയുടെ വാക്കുകള്‍ ഇങ്ങനെ, ‘നമ്മള്‍ സ്ത്രീത്വത്തില്‍ നിന്ന് പുരുഷത്വത്തിലേക്ക് മാറുകയാണ്. അത് വേണ്ടത് തന്നെയാണ്. പക്ഷെ അതിര് കടന്നാല്‍ സ്ത്രീത്വം ടോക്‌സിക്കായ സ്ത്രീത്വത്തിലേക്ക് കടക്കുകയും ഇത് ലോകത്തെ ദ്രുവീകരിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും സത്യം മൂടിവയ്ക്കപ്പെടുന്നു. ഞാന്‍ പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ സമൂഹ മാധ്യമത്തില്‍ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കം.

ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്. നമ്മള്‍ ഫെമിനിന്‍ എനര്‍ജിയില്‍ നിന്ന് പുരുഷത്വത്തിലേക്ക് മാറുകയാണ്. അല്ലെങ്കില്‍ പരിണാമം അതിന് നമ്മെ നിര്‍ബന്ധിതരാക്കി. അതുകൊണ്ട് നമ്മള്‍ സ്ത്രീകള്‍ അതിനേയും സ്വീകരിക്കണം. സൗന്ദര്യം, നിറം, ആകൃതി എന്നിവയെ അടിസ്ഥാനപ്പെടുത്തി നമ്മെ നിയന്ത്രിക്കാനും നമുക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും നമ്മള്‍ മറ്റുള്ളവരെ അനുവദിച്ചുവെന്ന യാഥാര്‍ഥ്യത്തിലേയ്ക്ക് ആധുനിക സ്ത്രീ ഉണരുകയാണ്. നാം നമ്മുടെ മനസില്‍ നമ്മെ തന്നെ ഇരയാക്കുകയും നമ്മള്‍ എന്തായി തീരണമെന്ന് നിര്‍വചിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്തു.