മാലമോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി, സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു

ഇടമൺ ഉദയഗിരിയിൽ മാലപൊട്ടിക്കൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുമ്പോൾ വീണ്ടും വീട്ടമ്മയുടെ മാല പൊട്ടിച്ചു. ബുധനാഴ്ച വൈകീട്ട് സംഭവം നടന്നത്. ഇയാളെ പൊലീസും നാട്ടുകാരും ഓടിച്ചിട്ടാണ് പിടികൂടിയത്. അണ്ടൂർപച്ച ചരുവിള പുത്തൻവീട്ടിൽ ജമാലുദീനാണ് പിടിയിലായത്.

ഉദയഗിരി സ്വദേശിയായ ഉഷ വീട്ടിലേക്കുപോകുന്നതിനിടെ പിന്നാലെ എത്തിയ പ്രതി മാല പൊട്ടിക്കുകയായിരുന്നു. രണ്ടുപവനോളം തൂക്കമുള്ള മാലയാണ് ഇയാൾ പൊട്ടിച്ച് കടന്നത്. തുടർന്ന് ഉഷ വിവരം തന്റെ മകളെ അറിയിക്കുകയും തുടർന്ന് ‌പ്രദേശവാസികൾ ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ പൊലീസും സംഭവസ്ഥലത്ത് എത്തി.

നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് റബ്ബർതോട്ടത്തിൽ പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം വാളക്കോട് സ്വദേശിനിയുടെ മാല പൊട്ടിച്ച കേസിൽ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് മാല പൊട്ടിച്ചത്. തെന്മല സ്റ്റേഷൻ ഓഫീസർ വിനോദ്, എസ്.ഐ. ഹരികുമാർ, സി.പി.ഒ.മാരായ അനൂപ്, കൃഷ്ണകുമാർ, വിഷ്ണു, കണ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.