ഭാര്യ പിണങ്ങിപ്പോയെന്ന പരാതിയുമായി യുവാവ് സ്റ്റേഷനില്‍, ഭാര്യയെ കണ്ടെത്തിയപ്പോൾ ഞെട്ടിയത് പൊലീസ്

മഹാരാഷ്ട്രക്കാരിയായ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് പിടിയിൽ. അടൂർ കണ്ണങ്കോട് കടുവുങ്കൽ ഹൗസിംഗ് പ്ലോട്ടിലെ ഗ്രേസ് വില്ലയിൽ സജി ജോണിന്റെ മകൻ ഷിനോ സജി ജോൺ (28) ആണ് അറസ്റ്റിലായത്. ക്രൊയേഷ്യയിൽ നഴ്‌സിംഗ് ജോലി വാങ്ങി നല്കാമെന്ന് വിശ്വസിപ്പിച്ച് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഷിനോ. മാത്തൂര്‍ സ്വദേശി രജനിയും മറ്റുമൂന്ന് യുവതികളുമാണ് പരാതിക്കാര്‍. തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ ഭാര്യ ഹീന വീടുവിട്ടുപോയെന്ന പരാതിയുമായാണ് ഷിനോ സജി ജോണ്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ആ പരാതിയാണ് ഷിനൊയെ പിടിക്കാൻ പോലീസിന് സഹായമായത്.

വളരെ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഹീനയെ പോലിസ് പിടികൂടുന്നത്. ആദ്യം ഹീനയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഹീന തിരുവനന്തപുരത്ത് വെച്ച് ഫോൺ ഓൺ ചെയ്തതായി പോലിസിന് വിവരം ലഭിച്ചു. അതിഥിതൊഴിലാളികളെ കൊണ്ടുപോകുന്ന തിരുവനന്തപുരം-മുംബൈ ട്രെയിനില്‍ യാത്ര ചെയ്യുന്നതായും വിവരം കിട്ടി. പക്ഷേ, പൊലീസ് തിരുവനന്തപുരത്ത് എത്തിയെങ്കിലും ട്രെയിന്‍ വിട്ടു പോയിരുന്നു. പിന്നീട് പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തു വെച്ച യുവതിയെ റെയില്‍വേ പോലീസ് കണ്ടെത്തി. തുടര്‍ന്ന അടൂര്‍ പൊലീസ് യുവതിയുടെ ഭര്‍ത്താവിനൊപ്പം എറണാകുളത്തെത്തി. മഹാരാഷ്ട്രയിലുള്ള സഹോദരനാണ് ട്രെയിന്‍ ടിക്കറ്റെടുത്തതെന്നും ഇത് വാട്‌സാപ്പില്‍ അയച്ചുതന്നാണ് യാത്രചെയ്തതെന്നും യുവതി പറഞ്ഞു.

യുവതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ്, പരാതിക്കാരനായ ഷിനോ തട്ടിപ്പുകേസിലെ പ്രതിയാണെന്നും ഇലവുംതിട്ട സ്റ്റേഷനില്‍ കേസുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് അറിയിക്കുന്നത്.ഭര്‍ത്താവിനെ കുറിച്ചുള്ള പരാതി പറഞ്ഞ ഭാര്യ തന്നെയാണ് ഇതേക്കുറിച്ചു പറഞ്ഞത്.