അഞ്ചാം വിവാഹത്തിനൊരുങ്ങവെ നാലാം ഭാര്യ പോലീസുമായി എത്തി, വിവാഹത്തട്ടിപ്പുകാരന്‍ കുടുങ്ങി

ഹരിപ്പാട്: കോവിഡ് കാലമായാലും തട്ടിപ്പിന് യാതൊരു പഞ്ഞവും ഇല്ല. ഹരിപ്പാട് നിന്നും ഒരു വിവാഹ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തെത്തുന്നത്. അഞ്ചാം വിവാഹത്തിന് തൊട്ടു മുമ്പ് വിവാഹ തട്ടിപ്പുകാരനെ പോലീസ് പിടികൂടുകയായിരുന്നു. പോലീസ് ഒരുക്കിയ വലയില്‍ കൊല്ലം മുഖത്തല സ്വദേശി കിളിത്തട്ടില്‍ ഖാലിദ് കുട്ടിയാണ് വീണത്. ഇയാളുടെ അഞ്ചാം വിവാഹം ബുധാനാഴ്ച ഉറപ്പിച്ചിരിക്കുക ആയിരുന്നു.

കരീലക്കുളങ്ങരയിലെ യുവതിയും ആയി ഇയാളുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്ന് വരികയായിരുന്നു. ഇതിനിടെ നാലാം ഭാര്യയായ തൃശൂര്‍ വടക്കേക്കാട് സ്വദേശിനി പോലീസിനെയും കൂട്ടി സ്ഥലത്തെത്തി. തുടര്‍ന്ന് ഖാലിദിനെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാളുടെ അഞ്ചാം വിവാഹമാണ് ബുധനാഴ്ച നിശ്ചയിച്ചിരിക്കുന്നത് എന്ന് വ്യക്തമായി. തുടര്‍ന്ന് കരീലക്കുളങ്ങര പോലീസ് ഖാലിദിനെ അറസ്റ്റ് ചെയ്യുകയും തൃശൂര്‍ വടക്കേക്കാട് പോലീസിന് കൈമാറുകയും ചെയ്തു.

വിവാഹ സൈറ്റുകള്‍ വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സൈറ്റിലുള്ള പെണ്‍കുട്ടികളുടെ വീട്ടുകാരുമായി ഇയാള്‍ ബന്ധമുണ്ടാക്കുകയാണ് ആദ്യം ചെയ്യുക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെ ആണ് ഇയാള്‍ ലക്ഷ്യം വെയ്ക്കുന്നത്. ബിസിനസുകാരന്‍, ബ്രോക്കര്‍, ലോറി മുതലാളി തുടങ്ങിയ പല ഉദ്യോഗങ്ങളും മറ്റും പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിശ്വസിപ്പിക്കുക. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ബിസിനസാണെന്ന് പറഞ്ഞാണ് ചാവക്കാട് സ്വദേശിയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് യുവതിയുടെ പക്കലുണ്ടായിരുന്ന ഏഴ് പവനും 70,000 രൂപയുമായി ഇയാള്‍ മുങ്ങുക ആയിരുന്നു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്.

ഇയാളുടെ പേരില്‍ മറ്റ് വിവാഹങ്ങളുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. ഖാലിദ് ആദ്യം വിവാഹം ചെയ്തത് കൊട്ടിയം സ്വദേശിയെയാണ. പിന്നീട് പെരിന്തല്‍മണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളില്‍ നിന്ന് വിവാഹം കഴിച്ചു. കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികെയാണ് അഞ്ചാംവിവാഹത്തിനായി ഖാലിദ് ഒരുങ്ങിയത്.