സോഷ്യല്‍ മീഡിയയില്‍ ഇട്ട വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് മെമ്മറി കാര്‍ഡിലാക്കി മതിലില്‍ വെച്ചു, ഭീഷണി, പ്രതി പിടിയില്‍

കൊരട്ടി: സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സ്ത്രീകള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം അവരുടെ ചിത്രങ്ങള്‍ ഏത് വിധേനയും ദുരുപയോഗ ചെയ്യപ്പെട്ടേക്കാം. ഇത്തരത്തില്‍ ഒരു സംഭവമാണ് കൊരട്ടിയില്‍ നിന്നും പുറത്ത് എത്തുന്നത്. സോഷ്യല്‍ മീഡിയകളില്‍ വീട്ടമ്മ പങ്കുവെച്ച ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫ് ചെയ്ത് വീട്ടുകാരെ യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതിയുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കോനൂര്‍ സ്വദേശി കേമ്പിള്ളി രഞ്ജിത്തിനെയാണ് (34) പോലീസ് പിടികൂടിയത്.

സോഷ്യല്‍ മീഡിയകളില്‍ വീട്ടമ്മ പങ്കുവെച്ചിരുന്ന ചിത്രങ്ങള്‍ പ്രതി ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫിങ് നടത്തുകയായിരുന്നു. ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മെമ്മറി കാര്‍ഡില്‍ ആക്കി വീടിന്റെ മതിലില്‍ കൊണ്ട്ു ചെന്ന് വയ്ക്കുകയും മൊബൈല്‍ ഫോണ്‍ സന്ദേശത്തിലൂടെ വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് പ്രതി സന്ദേശമയച്ചു. മാത്രമല്ല പണം എത്തിക്കേണ്ട സ്ഥലവും പറഞ്ഞു.

ഇതിനിടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കൃത്രിമ ചിത്രങ്ങള്‍ നിര്‍മിക്കുവാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. എസ്‌ഐമാരായ സി.കെ.സുരേഷ്, സി.ഒ.ജോഷി, എഎസ്‌ഐമാരായ എം.എസ്.പ്രദീപ്, സെബി, സീനിയര്‍ സിപിഒ വി.ആര്‍.രഞ്ജിത് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.