വനിത മെമ്പറെന്ന് പറഞ്ഞ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ അയച്ചു, യുവാവ് പിടിയില്‍

മലപ്പുറം: സോഷ്യല്‍ മീഡിയകളിലൂടെ സ്ത്രീകള്‍ക്ക് മോശമായ അനുഭവം ഉണ്ടാകാറുണ്ട്. ഇപ്പോഴും പല രീതിയിലും പല സ്ത്രീകള്‍ക്കും സോഷ്യല്‍ മീഡിയകളിലൂടെ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇത്തരത്തില്‍ പല സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വനിത മെമ്പറെന്ന് ഭാവിച്ചുകൊണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ച ആളെ പോലീസ് പിടികൂടിയിരിക്കുകയാണ്.

വനിത മെമ്പറെന്ന വ്യാജേന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ചതിന് പിടിയിലായത് മലപ്പുറം താനൂര്‍ സ്വദേശിയായ റിജാസ് എന്നയാളാണ്. പൂക്കോടുപാടം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കാണ് പ്രതി അശ്ലീല വീഡിയോകള്‍ അയച്ചത്.

ഇവരുടെ ഒക്കെ നമ്പറുകള്‍ പഞ്ചായത്തിന്റെ വെബ്‌സൈറ്റില്‍ കയറിയാണ് പ്രതി തപ്പിയെടുത്തത്. തുടര്‍ന്ന് ഇയാള്‍ ഗ്രൂപ്പിലേക്ക് മോശം സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശിയുടെ പേരിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ടാണ് പ്രതി സന്ദേശങ്ങള്‍ അയച്ചത്. കൂടാതെ ഇയാള്‍ ഈ നമ്പറില്‍ നിന്ന് മറ്റാരെയും വിളിച്ചതുമില്ല. ഇക്കാര്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായത്.