മൊബൈലില്‍ നഗ്നചിത്രങ്ങള്‍ അയപ്പിച്ചു; പതിനഞ്ചുകാരിയെ പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍

മലപ്പുറം: മൊബൈലില്‍ നഗ്നചിത്രങ്ങള്‍ അയപ്പിച്ച ശേഷം പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിം (22) നെയാണ് പെരുമ്ബടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

15കാരിയായ പെണ്‍കുട്ടിയോട് പ്രണയം നടിച്ച ശേഷമാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ അയപ്പിച്ചു. അതിനുശേഷം ഇതു കാട്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിനു ശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി, വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വീട്ടുകാര്‍ പെരുമ്ബടപ്പ് പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ പ്രതിയെ എടക്കഴിയൂര്‍ നിന്നു പെരുമ്ബടപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് പൊന്നാനി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. പെരുമ്ബടപ്പ് എസ്. ഐ സുരേഷ്, സി. പി. ഒമാരായ രഞ്ജിത്ത്, സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.