വരന്‍ വിവാഹത്തിന് വൈകിയെത്തി, അയല്‍വാസിയെ വിവാഹം ചെയ്ത് വധു

വിവാഹത്തിന് വരൻ വൈകിയെത്തിയ ദേഷ്യത്തിൽ മറ്റൊരാളെ വിവാഹം ചെയ്ത് യുവതി. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു വിവാഹച്ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ വരനും വീട്ടുകാരും എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇതിൽ ക്ഷമ നശിച്ച വധു, ഇയാളുമായുള്ള വിവാഹം വേണ്ടെന്നു വച്ച് അയല്‍വാസിയായ മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹത്തിന് വരൻ വൈകി എത്തുക കൂടി ചെയ്തതോടെ പ്രശ്നം വഷളാവുകയും വധു, നിർണായകമായ തീരുമാനം എടുക്കുകയുമായിരുന്നു

സംഭവത്തിലെ മറ്റൊരു ട്വിസ്റ്റ് എന്തെന്നാൽ വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും ആറാഴ്ച മുമ്പു ഒരു സമൂഹ വിവാഹച്ചടങ്ങിൽ വച്ച് വിവാഹിതരായിരുന്നു. ഔദ്യോഗികമായ വിവാഹച്ചടങ്ങുകൾ എല്ലാം നടക്കാതെ ഒരുമിച്ച് ജീവിക്കണ്ട എന്ന് തീരുമാനിച്ചാണ് അവർ കഴിഞ്ഞ ദിവസം ബന്ധുക്കളെയെല്ലാം വിളിച്ചു കൂട്ടിയുളള വിവാഹം തീരുമാനിച്ചത്. ആ ചടങ്ങ് മറ്റൊരു രീതിയിൽ അവസാനിക്കുകയും ചെയ്തു.

വരന്റെ വീട്ടുകാർ പണവും സൈക്കിളും സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ പെൺവീട്ടുകാർ ആക്രമിച്ച് വരനെ തടവിലാക്കിയെന്നാണ് വരന്‍റെ കുടുംബത്തിന്റെ ആരോപണം. പൊലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറി സമീപവാസിയായ മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു.