പങ്കാളിയുമായുള്ള വഴക്ക് മൂത്തപ്പോൾ പെരുമ്പാമ്പിന്റെ തല കടിച്ചു മുറിച്ചു

പെരുമ്പാമ്പ് ആളുകളെയും മൃഗങ്ങളെയും ആക്രമിക്കുന്ന വാർത്തകൾ എപ്പോഴും കാണാറുണ്ട്. ഒരു പെരുമ്പാമ്പിന്റെ മനുഷ്യൻ കടിച്ച് ആക്രമിക്കുന്നത് അപ്പൂർവമാണ്. പങ്കാളിയുമായുള്ള വഴക്ക് കൊടുമ്പിരിയിലായപ്പോൾ യുവാവ് വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പിന്റെ തല കടിച്ചു പറിച്ചു. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. വാർത്ത ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കെവിൻ ജസ്റ്റിൻ മയോർഗ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.

മൃ​ഗങ്ങൾക്ക് എതിരായ ആക്രമണം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. മിയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പരിധിയിൽപ്പെടുന്ന ഒരു അപാർട്മെന്റ് കോംപ്ലെക്സിൽ വഴക്ക് നടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പോലീസ് അറിയുന്നത്. ജനുവരി 30 തിങ്കളാഴ്ച രാവിലെ 5.20 നായിരുന്നു സംഭവം.

പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ കെവിൻ ജസ്റ്റിൻ മയോർഗയും പങ്കാളിയും തമ്മിൽ ചീത്ത വിളിക്കുന്നതാന് കേൾക്കുന്നത്. തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം വാതിൽ പൊളിച്ച് പൊലീസ് ഉദ്യോഗസ്ഥർ വീടിനു അകത്ത് കടന്നു. പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോൾ ഒരു മുറിയിൽ കയറാൻ യുവാവ് അനുവദിച്ചില്ല. തുടർന്ന് പോലീസുക്കാരെയും ആക്രമിച്ച് കെവിൻ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ പൊലീസ് യുവാവിനെ കീഴ്പ്പെടുത്തി. പെരുമ്പാമ്പിനെ ഇയാൾ ആക്രമിച്ച വിവരം യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. മൃ​ഗങ്ങൾക്ക് എതിരായ ആക്രമണത്തിനോടൊപ്പം സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനുള്ള വകുപ്പും യുവാവിന് മേൽ ചുമത്തിയിരിക്കുകയാണ്.