യുവാവിന് ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ക്രൂര മർദ്ദനം, പീഡനം സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍

കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ യുവാവിനെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലിൽ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ്  വിട്ടത്. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ചാണ് മർദ്ദനമുണ്ടായത്. പന്തിരിക്കര സ്വദേശി ഇര്‍ഷാദ് വധക്കേസിലെ മുഖ്യ പ്രതി നാസർ എന്ന സ്വാലിഹുമായി ബന്ധമുളള സംഘമാണ് സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട പേരാമ്പ്ര സ്വദേശി നാട്ടിലെത്തിയിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പാണ് ഗൾഫിലെത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം സ്വർണ്ണം കടത്തുന്നതിന് വേണ്ടി ബന്ധപ്പെട്ടത്. സംഘം നൽകുന്ന സ്വർണ്ണം നാട്ടിലെത്തിച്ച് മറ്റൊരു വ്യക്തിക്ക് കൈമാറണമെന്നായിരുന്നു ധാരണ. എന്നാൽ അതിനിടെ കാരിയറായ യുവാവ് സ്വർണ്ണം മറിച്ച് മറ്റൊരു സംഘത്തിന് കൈമാറിയേക്കുമെന്ന വിവരം സ്വർണ്ണക്കടത്ത് സംഘത്തിന് ലഭിച്ചു. ഇതേ തുടർന്ന് കാരിയറെ ദുബായിൽ വെച്ച് തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ആർക്കാണ് സ്വർണ്ണം മറിച്ചുനൽകുന്നതെന്നും ഏത് സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും മനസിലാക്കാൻ വേണ്ടിയായിരുന്നു പീഡനം. ഇവിടെ നിന്നും രക്ഷപ്പെട്ട യുവാവ് ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്.

ഇതിന് സമാനമായ രീതിയിലാണ് പന്തിരിക്കര സ്വദേശി ഇർഷാദിനെയും സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ പീഡിപ്പിച്ചത്. വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വർണ്ണം വീണ്ടെടുക്കാൻ ഇർഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം, ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്. ഇയാളുടെ സഹോദരൻ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തിൽ മുഖ്യ പങ്കാളികളായി. സംഘാംഗങ്ങളായ ഇർഷാദ്, മിസ്ഹർ, ഷാനവാസ് എന്നിവർ ഇന്നലെ കൽപ്പറ്റ സിജെ എം കോടതിയിലെത്തി കീഴടങ്ങിയിരുന്നു.