നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു, യുവാവിനെ മര്‍ദ്ദിച്ച് നാട്ടുകാര്‍

ഭാര്യയ്ക്ക് ഒപ്പം നദിയില്‍ കുളിക്കുകയായിരുന്ന യുവാവിന് നേരെ ആക്രമണം. കുളിക്കുന്നതിനിടെ ഭാര്യയെ യുവാവ് ചുംബിച്ചതോടെയാണ് സമീപത്തുണ്ടായിരുന്നവരുടെ പ്രകോപനത്തിന് കാരണമായത്. ഇതോടെ യുവാവിനെ വലിച്ചിഴച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

അയോധ്യയിലെ നദിയിലാണ് ദമ്പതികള്‍ കുളിക്കുന്നത്. അതിനിടെ പരസ്പരം ഇവര്‍ ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കാന്‍ തുടങ്ങി. ഇതില്‍ നിന്ന് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് പരാജയപ്പെടുന്നു. ക്രൂരമര്‍ദനത്തിന് ഒടുവില്‍ ജനക്കൂട്ടം തന്നെ ഭര്‍ത്താവിനെ വലിച്ച് കരയിലും കയറ്റുന്നുണ്ട്.

ഇതിന് പിന്നാലെ ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് വിവരം. ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.