യുവാവ് കിണറില്‍ നിന്ന് പിടിച്ചത് പെരുമ്പാമ്പിനെ, വൈറലായി വീഡിയോ

തൃശൂര്‍: പെരുമ്പമ്പിനെ കിണറ്റില്‍ നിന്നും പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. വനം വകുപ്പ് ജീവനക്കാരനാണ് സാഹസികമായി പാമ്പിനെ പിടികൂടുന്നത്. തൃശൂര്‍ പേരാമംഗലം സ്വദേശി ഷഗിലാണ് സാഹസികമായി പെരുമ്പാമ്പിനെ കിണറ്റില്‍ നിന്നും കരയ്ക്ക് എത്തുന്നത്.

കിണറ്റില്‍ കിടന്ന പാമ്പിനെ കയറില്‍ തൂങ്ങി ഇറങ്ങി ആയാസപ്പെട്ട് എടുക്കുന്നതിനിടെ പാമ്പ് ഷെഹലിനെ വരിഞ്ഞുമുറുക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. കയറില്‍ തൂങ്ങുന്നതിനിടെ ശരീരത്തില്‍ പെരുമ്പാമ്പ് ചുറ്റി വരിയുന്നത് ഷഗില്‍ അത്ര കാര്യമാക്കുന്നില്ല.

പട്ടിക്കാട് ഫോറസ്റ്റ് റെസ്‌ക്യൂ വാച്ചറാണ് പേരാമംഗലം സ്വദേശിയായ ഷഗില്‍. തൃശ്ശൂര്‍ കൈപ്പറമ്പില്‍ ഒരു വീടിന്റെ കിണറില്‍ വീണ് കുടുങ്ങിപ്പോയ പെരുമ്പാമ്പിനെയാണ് ഏറെ പ്രയാസപ്പെട്ട് പുറത്തെത്തിച്ചത്. നാല്‍പ്പത് അടിയില്‍ അധികം ആഴമുള്ള കിണറ്റിലായിരുന്നു പാമ്പ് കുടുങ്ങിയത്. ഇതിനെ രക്ഷിക്കാനായി ഷഹില്‍ വടത്തില്‍ തൂങ്ങി സാഹസികമായി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. കിണറ്റിലെ മണ്ണിടിഞ്ഞ ദ്വാരത്തിനുള്ളിലായിരുന്ന പാമ്പിനെ ഒരു കയറില്‍ പിടിച്ച് പിടികൂടി. മുകളിലേക്ക് കയറുന്നതിനിടെ പാമ്പ് ഷഗിലിനെ വരിഞ്ഞു മുറുക്കി.

എന്നാല്‍ വിട്ടുകൊടുക്കാന്‍ ഷഗിലും ഒരുക്കമായിരുന്നില്ല. ഒരു കൈയ്യില്‍ പാമ്പിനെ മുറുകെ പിടിച്ചും മറു കൈയ്യില്‍ കയറും പിടിച്ച ഷഗിലിനെ വലിച്ചു കയറ്റുകയായിരുന്നു. ഇതിനിടയില്‍ ശരീരം കിണറിന്റെ തിട്ടകളില്‍ തട്ടിയും ഉരയുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടക്ക് മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ കുടുങ്ങിയതോടെ കയര്‍ കടിച്ച് മാറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടുത്തം വിട്ട് കിണറിലേക്ക് തന്നെ വീണു. എന്നാല്‍ വീഴ്ചയിലും പക്ഷേ ഷഗില്‍ പാമ്പിനെ കൈ വിട്ടിരുന്നില്ല. പിന്നീട് കയറിറക്കി വീണ്ടും കരയ്ക്ക് കയറുകയായിരുന്നു. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു.

ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

https://www.youtube.com/watch?v=X0Sm1kvWIaI&feature=emb_title