ശ്മശാനത്തില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം

താനെ. ജന്മദിനം ശ്മശാനത്തില്‍ ആഘോഷിച്ചതിനെ പറ്റി കേട്ടിട്ടുണ്ടോ. ശ്മശാനത്തില്‍ നടത്തിയ ഒരു വെറൈറ്റി ജന്മദിനാഘോഷമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുളള ഗൗതം രത്തന്‍ മോറാണ് തന്റെ ജന്മദിനം ശ്മശാനത്തില്‍ ആഘോഷിച്ച് ശ്രദ്ധേയനായിരിക്കുന്നത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ ക്കുമെതിരെ ഒരു സന്ദേശം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഗൗതം എന്ന 54 കാരന്‍ തന്റെ ജന്മദിനം ശ്മശാനത്തില്‍ ആഘോഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ഗൗതം മൊഹാനെ ശ്മശാനത്തില്‍ ജന്മദിന പാര്‍ട്ടി നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം അതിഥികള്‍ അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു. അവര്‍ക്ക് കേക്കും ബിരിയാണിയും നല്‍കി സല്‍ക്കരിക്കുകയും ഉണ്ടായി.

അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദത്തിനുമെതിരെ പ്രചാരണം നടത്തിയ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക സിന്ധുതായ് സപ്കലിൽ നിന്നാണ് തനിക്ക് ഇത്തരമൊരു കാര്യത്തിന് പ്രചോദനം ലഭിച്ചതെന്ന് മോര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പൊതുവെ പറായാറുളള പോലെ ശ്മശാനങ്ങളില്‍ പ്രേതങ്ങളോ മറ്റോ ഇല്ലെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഗൗതം പറയുന്നു.