മക്ക തീര്‍ത്ഥാടനത്തിന് പോയ മലയാളി ലിഫ്റ്റില്‍ നിന്ന് വീണു മരിച്ചു

റിയാദ് : മക്ക തീര്‍ത്ഥാടനത്തിന് പോയ മലയാളി ലിഫ്റ്റില്‍ നിന്ന് വീണു മരിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശി ബഷീര്‍ മാസ്റ്റര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബഷീറിനെ കാണാതായപ്പോള്‍ അദ്ദേഹം ഹറം പള്ളിയില്‍ പോയതാകാം എന്നാണ് കൂടെയുള്ളവര്‍ ആദ്യം കരുതിയത് എന്നാല്‍ രാത്രി ഏറെ അആയിട്ടും അദ്ദേഹം വന്നില്ലെന്ന് കണ്ടപ്പോള്‍ കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.

മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ബഷീര്‍ മാസ്റ്റര്‍ ലിഫ്റ്റിന് മുന്നില്‍ നില്‍ക്കുന്നതും ഏതാനം സെക്കന്‍ഡുകള്‍ക്ക് ശേഷം ലിഫ്റ്റിന്റെ വാതില്‍ തുറന്നു അകത്തേക്ക് കയറുന്നതും കാണാം. എന്നാല്‍ പ്രവര്‍ത്തന രഹിതമായ ലിഫ്റ്റില്‍ കയറിയ ഉടനെ ബഷീര്‍ മാസ്റ്റര്‍ താഴേക്ക് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.

എന്നാല്‍ തകരാറിലായ ലിഫ്റ്റിന് മുമ്പില്‍ ഒരു തരത്തിലുമുള്ള മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴിലാണ് ബഷീര്‍ മാസ്റ്റര്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ എത്തിയത്. സംഭവത്തെക്കുറിച്ച് സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.