സ്ത്രീയെ അപമാനിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു; കാസര്‍ഗോഡ് സ്വദേശി മരിച്ചു

സ്ത്രീയെ അപമാനിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച കാസര്‍ഗോഡ് സ്വദേശി മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാ(49)ണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സ്ത്രീയോട് റഫീഖ് മോശമായി പെരുമാറിയെന്ന് ആരോപണത്തെത്തുടര്‍ന്നാമ് നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചത്.

ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്ത്രീകളോട് റഫീഖ് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് റഫീഖ് സ്ത്രീക്ക് നേരെ തിരിയുകയായിരുന്നു. റഫീഖ് തനിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം ഉള്‍പ്പെടെ നടത്തിയെന്ന് സ്ത്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റഫീഖിന്റെ പെരുമാറ്റം അതിനുകടന്നതോടെ സ്ത്രീ ഇയാളെ മര്‍ദിച്ചു. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ റഫീഖ് കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം മര്‍ദനമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.