അഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് മുങ്ങിയ സംഭവം, മക്കളെ തിരികെ നല്‍കി, സ്വര്‍ണവും കാറും കൊടുത്തില്ല

മൂവാറ്റുപുഴ: ലോക്ക് ഡൗണിനിടെ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി മൂന്നാര്‍ സ്വദേശി കടന്ന് കളഞ്ഞത് ഏവരെയും ഞെട്ടിച്ചതാണ്. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് ശക്തമാക്കിയതോടെ ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും മൂന്നാര്‍ സ്വദേശി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. എന്നാല്‍ മക്കളെ ഭര്‍ത്താവിന് തിരികെ നല്‍കിയ ശേഷം ഭാര്യ മൂന്നാര്‍ സ്വദേശിക്ക് ഒപ്പം പോവുകയായിരുന്നു.

മക്കളെ തിരികെ നല്‍കിയെങ്കിലും ഇവര്‍ കൊണ്ടുപോയ സ്വര്‍ണവും കാറും നല്‍കാതെ യുവതി മൂന്നാര്‍ സ്വദേശിക്ക് ഒപ്പം പോയി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. നിര്‍ധന കുടുംബാംഗമായ യുവതിയെ മൂവാറ്റുപുഴ സ്വദേശി പ്രണയിച്ചു വിവാഹം കഴിച്ചതാണ്.

രണ്ട് മാസം മുമ്പ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് മൂവാറ്റുപുഴയില്‍ താമസിക്കുന്ന ബാല്യകാല സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി എറണാകുളത്ത് ജോലി ചെയ്തിരുന്ന മൂന്നാര്‍ സ്വദേശി എത്തിയത്. മൂന്നാറിലേക്ക് പോകാനായി എറണാകുളത്ത് നിന്ന് മൂവാറ്റുപുഴയിലെത്തിയ യുവാവ് കുടുങ്ങുകയായിരുന്നു. താന്‍ മൂവാറ്റുപുഴയില്‍ പെട്ടുപോയ കാര്യം ഇയാള്‍ ബന്ധുക്കളെ വിളിച്ച് അറിയിച്ചിരുന്നു. ഇതിനിടെയാണ് ബാല്യകാല സുഹൃത്ത് മൂവാറ്റുപുഴയിലുള്ള വിവരം ഇയാള്‍ ഓര്‍ക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ സുഹൃത്തിനെ വിളിക്കുകയും സുഹൃത്ത് കാറുമായി എത്തി മൂവാറ്റുപുഴയിലെ വീട്ടിലേക്ക് മൂന്നാര്‍ സ്വദേശിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് വരെയുള്ള ഒന്നര മാസത്തോളം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ കഴിയുകയായിരുന്നു. ഇളവുകള്‍ നിലവില്‍ വന്നിട്ടും ഇയാള്‍ മൂന്നാറിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ തന്നെ തുടര്‍ന്നു.

ഇതിനിടെ സുഹൃത്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്തിന് സംശയം തോന്നി തുടങ്ങിയതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഇയാള്‍ സുഹൃത്തിന്റെ ഭാര്യയെയും കൊണ്ട് സ്ഥലം വിട്ടത്. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.