നാലു പെൺകുട്ടികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി; ലഹരി നൽകി പീഡിപ്പിച്ചെന്ന് യുവാവിന്റെ പരാതി

ജലന്ധർ : പെൺകുട്ടികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി യുവാവിന്റെ പരാതി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം . കാറിലെത്തിയ 22 വയസ് പ്രായമുള്ള നാലു യുവതികൾ ചേർന്ന് ഫാക്‌ടറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി . ഫാക്‌ടറിയിൽ നിന്ന് എല്ലാദിവസത്തെയും പോലെ വീട്ടിലേക്ക് പോകുന്നതിനിടെ കപൂർത്തല റോഡിൽ വച്ച് വെള്ള നിറത്തിലുള്ള കാർ മുന്നിൽ വന്നു നിന്നു.

നാല് പെൺകുട്ടികളാണ് കാറിൽ ഇരുന്നത്. ഇതിനിടയിൽ ഒരു പെൺകുട്ടി സ്ലിപ്പ് എടുത്ത് വിലാസം ചോദിച്ചു. സ്ലിപ്പിലെ വിലാസം നോക്കുന്നതിനിടയിൽ, പെൺകുട്ടികൾ കണ്ണിൽ മയക്കുപൊടി ഇടുകയായിരുന്നു- യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

ഇതോടെ ബോധം നഷ്ട്ടമായി. കണ്ണ് തുറക്കുമ്പോൾ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. നാലുപേരും ചേർന്ന് കാറിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി . ബലമായി മയക്കുമരുന്ന് നൽകി. ഈ സമയം പെൺകുട്ടികളും മദ്യപിച്ചിരുന്നതായും യുവാവ് പറയുന്നു .

നാലു യുവതികളും തന്നെ പീഡിപ്പിക്കുകയും, രാത്രി മൂന്ന് മണിയോടെ വിട്ടയയ്ക്കുകയും ചെയ്തു.
വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമാണ് പീഡനത്തിനിരയായ യുവാവ് പറയുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.