പ്രവാസിക്ക് നേരെ ബന്ധുക്കള്‍ പോലും മുഖംതിരിക്കുമ്പോള്‍ പ്രവാസി യുവാവിന് ക്വാറന്റീനില്‍ കഴിയാന്‍ സ്വന്തം വീടു വിട്ടു നല്‍കി അയല്‍വാസി

കോട്ടയ്ക്കല്‍: പൊതുവെ കോവിഡ് കാലമായതോടെ ദൈവങ്ങളായിരുന്ന പ്രവാസികള്‍ അപരാധികളും കുറ്റക്കാരും ആയിരിക്കുകയാണ്. തിരികെ എത്തുന്ന പ്രവാസികള്‍ കോവിഡ് വാഹകര്‍ ആണെന്ന് പറഞ്ഞ് വീട്ടില്‍ പോലും കയറ്റാതെ ആട്ടിപ്പായിക്കുന്ന പല സംഭവങ്ങളും ഉണ്ടായി. ഉറ്റവരും ഉടയവരും പ്രവാസികളെ പുറത്താക്കി വാതിലടയ്ക്കുന്ന ഈ കാലത്ത് അയല്‍വാസിയായ യുവാവിന് ക്വാറന്റീനില്‍ കഴിയാന്‍ സ്വന്തം വീട് വിട്ടു നല്‍കിയിരിക്കുകയാണ് ഒരാള്‍.

ഇന്നലെ സൗദിയില്‍ നിന്നും എത്തിയ യുവാവിന് ക്വാറന്റീനില്‍ കഴിയാനായി സ്വന്തം വീട് വിട്ടു നല്‍കിയത് എടരിക്കോട് ചെറുശോലയിലെ കണ്ണാടന്‍ അബ്ദുള്‍ ലത്തീഫ്(55) ആണ്. ദീര്‍ഘനാള്‍ പ്രവാസിയായിരുന്ന അബ്ദുള്‍ ലത്തീഫിന് പ്രവാസികളുടെ വിഷമങ്ങള്‍ അറിയാമായിരുന്നു. സൗദിയില്‍ നിന്നും തിരികെ എത്തുന്ന വിവരം യുവാവ് നേരത്തെ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതോടെ ബന്ധുക്കള്‍ പലയിടങ്ങളില്‍ ആയി വാടക ക്വാര്‍ട്ടേഴ്‌സുകളിലും മറ്റും തിരക്കിയെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് വിഷമിച്ച് ഇരിക്കവെയാണ് അബ്ദുള്‍ ലത്തീഫ് ഇക്കാര്യം അറിയുന്നത്.

കാര്യം അറിഞ്ഞപ്പോള്‍ തന്നെ യുവാവിന് ക്വാറന്റീനില്‍ കഴിയാന്‍ തന്റെ വീട് വിട്ടു നല്‍കാമെന്ന് അബ്ദുള്‍ ലത്തീഫ് അറിയിക്കുകയായിരുന്നു,. ക്വാറന്റീന്‍ കാലം കഴിഞ്ഞാലും ആവശ്യമുള്ളിടത്തോളം കാലം വീട്ടില്‍ തങ്ങാനും അബ്ദുള്‍ ലത്തീഫ് അനുമതി നല്‍കി. ഈ സമയം മകന്റെ വീട്ടിലേക്ക് മാറി താമസിക്കാനാണ് അബ്ദുള്‍ ലത്തീഫ് നിശ്ചയിച്ചിരിക്കുന്നത്. 20 വര്‍ഷത്തോളം പ്രവാസിയായിരുന്നു അബ്ദുല്‍ ലത്തീഫ്. 10 വര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്. ബന്ധുക്കള്‍ പോലും പ്രവാസിയോടു മുഖംതിരിക്കുന്ന കാലത്ത് അബ്ദുല്‍ ലത്തീഫ് എല്ലാവര്‍ക്കും മാതൃകയാകുകയാണ്.