ചായ കിട്ടാന്‍ വൈകിയതിന് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നയാള്‍ നഴ്‌സിനെ ആക്രമിച്ചു

ഒരു ഗ്ലാസ്സ് ചായ കിട്ടാന്‍ വൈകിയതിന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളയാള്‍ നഴ്‌സിനെ ആക്രമിച്ചു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നയാളാണ് ഒരു കപ്പ് ചായ കിട്ടാതായതിനെ തുടര്‍ന്ന് അക്രമാസക്തനായത്. കൊല്ലത്താണ് സംഭവം.

ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നയാള്‍ ചായ വേണമെന്ന കാര്യം നഴ്‌സിനോട് പറഞ്ഞു. നഴ്‌സ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാല്‍, യഥാസമയം ചായയുമായി എത്താന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ കുപിതനായ ഇയാള്‍ നഴ്‌സിനെയും ആരോഗ്യപ്രവര്‍ത്തകനെയും മര്‍ദ്ദിക്കുകയായിരുന്നു. മസ്‌കറ്റില്‍ നിന്ന് മടങ്ങിയെത്തിയ ഇയാളെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോം ക്വാറന്റൈനിൽ ഉള്ള ഇയാൾ അത് പാലിക്കാതെ കറങ്ങിനടക്കുന്ന വിവരം നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ആൾ ഹോം ക്വാറന്റൈനിൽ തുടരാത്ത വിവരം അധികൃതരെ അറിയിച്ച ആശാവർക്കറെ മർദ്ദിച്ചു. രണ്ടു സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ എത്തിയ കാര്യം ആരോഗ്യവകുപ്പ് പ്രവർത്തകരെ ആശാ വർക്കർ അറിയിച്ചെന്ന് പറഞ്ഞാണ് 27 വയസുള്ളയാൾ ഇവരെ മർദ്ദിച്ചത്. ആശാവർക്കറുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽപക്കകാർ ഓടിയെത്തുകയായിരുന്നു.

ഗുരുതരമായ പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമമില്ലാതെ തുടർച്ചയായി ഇവർ ജോലി ചെയ്തു വരികയായിരുന്നു. മാർച്ച് ഒമ്പതിന് കേരളത്തിൽ മടങ്ങിയെത്തിയ ഇയാൾ ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുകയായിരുന്നു.