ഭാര്യയും അമ്മയും സംസാരിച്ചത് തന്നെക്കുറിച്ചെന്ന് സംശയം; വൈരാഗ്യം തീര്‍ക്കാന്‍ മകനെ കൊന്നു

ഭാര്യയും ഭാര്യയുടെ അമ്മയും തമ്മില്‍ സംസാരിച്ചത് തന്നെക്കുറിച്ചുള്ള കുറ്റമാണോ എന്ന് സംശയം തോന്നിയ ഭര്‍ത്താവ് മകനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ചു. തെലങ്കാനയിലെ മൊയിനാബാദിലാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് വയസ്സുള്ള മകനെ കൊന്ന ശേഷം ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച രമേശ് (28) നെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു വയസ്സുകാരനായ മകന്റെ കഴുത്ത് മുറിച്ച് കൊന്ന ശേഷം രമേശ് ഭാര്യ ശോഭയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തില്‍ ശോഭയ്ക്ക് ഒരു മകനുണ്ട്. രമേശുമായുള്ള ബന്ധത്തിലുള്ള മകനെയാണ് കൊലപ്പെടുത്തിയത്. സംഭവസമയം രമേശ് മദ്യപിച്ചിരുന്നു. ശോഭയുടെ പിറന്നാള്‍ ദിവസമാണ് ദാരുണ സംഭവം നടന്നത്.

പിറന്നാള്‍ ആഘോഷത്തിന് ശോഭയും ശോഭയുടെ അമ്മയും തമ്മില്‍ പ്രാദേശിക ഭാഷയില്‍ സംസാരിച്ചിരുന്നു. രമേശ് കഠിനാധ്വാനം ചെയ്യുന്നില്ലെന്ന് ശോഭയുടെ അമ്മ പരാതിപ്പെടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഭാര്യയും അമ്മയും തമ്മിലുള്ള സംസാരം തന്നെ പറ്റിയാണ് എന്ന് കരുതിയാണ് രമേശ് ഈ ക്രൂരക്യത്യം നടത്തിയത്. രമേശ് ജോലി ചെയ്യുന്ന സ്ഥലത്തെ സൂപ്പര്‍വൈസര്‍ ആയ റാം റെഡ്ഡി സംഭവ സമയം സ്ഥലത്തുണ്ടായിരുന്നു. ഭാര്യയെ കുത്തുന്നതില്‍ നിന്ന് രമേശിനെ തടയാന്‍ റാം ശ്രമിച്ചിരുന്നു. റാമിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രമേശിന്റെ അറസ്റ്റ്.