യുവാവ് പെരിയാറില്‍ ചാടി ജീവനൊടുക്കിയെന്ന് കരുതിയ യുവാവ് കോട്ടയത്ത് പൊങ്ങി, കയ്യോടെ പൊക്കി പോലീസ്

ആലുവ:പെരിയാറില്‍ ചാടി കാണാതായ ആളെ കോട്ടയത്ത് നിന്നും ജീവനൊടെ കണ്ടെത്തി.ആലുവ മണപ്പുറത്ത് പുഴയില്‍ ചാടി ജീവന്‍ ഒടുക്കി എന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ശേഷം മുങ്ങിയ മുപ്പത്തടം കീലേടത്ത് വീട്ടില്‍ സുധീര്‍ എന്ന 38കാരനെയാണ് ആലുവ പോലീസ് കോട്ടയത്ത് നിന്നും പൊക്കിയത്.കടബാധ്യത കാരണം പെരിയാറില്‍ ചാടി എന്ന വ്യാജേന ഇയാള്‍ നാടുവിടുക ആയിരുന്നു.മണപ്പുറം ഭാഗത്തെ പെരിയാറിന്റെ കരയില്‍ വെള്ളിയാഴ്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണും ചെരിപ്പും ഊരി വെച്ച് ആറ്റില്‍ ചാടി എന്ന് വരുത്തി തീര്‍ത്ത ശേഷമായിരുന്നു സുധീറിന്റെ നാടുവിടല്‍.

വസ്ത്രങ്ങളും മൊബൈലും ഒക്കെ കണ്ടപ്പോള്‍ ആരോ പുഴയില്‍ ചാടി എന്ന് കരുതി നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു.വൈകാതെ തന്നെ പോലീസും അഗ്നിരക്ഷാ സേനയുമെത്തി.ഇതിനിടെ വസ്ത്രങ്ങളും ഫോണും സുധീറിന്റേത് ആണെന്ന് തിരിച്ചറിഞ്ഞു.ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ സുധീര്‍ പെരിയാറില്‍ ചാടി ജീവനൊടുക്കി എന്നായിരുന്നു ഏവരും അനുമാനിച്ചത്.നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും സുധീറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.പിറ്റെദിവസം ശനിയാഴ്ചയും തിരച്ചില്‍ തുടര്‍ന്നു.ഒടുവില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ അവസാനിപ്പിച്ചു.എന്നാല്‍ ഇതിന് പിന്നാലെയാണ് വമ്പന്‍ ട്വിസ്റ്റ് ഉണ്ടായത്.സുധീര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് താന്‍ കോട്ടയത്ത് ഉണ്ടെന്ന് പറഞ്ഞതായി ഇയാളുടെ സഹോദരനും ഭാര്യയും പോലീസിനെ അറിയിച്ചു.ഇതറിഞ്ഞ് കോട്ടയത്തേക്ക് തിരിച്ച ആലുവ സിഐയും സംഘവും വൈകാതെ സുധീറിനെ പിടികൂടുകയും ചെയ്തു.

വലിയ തുകയ്ക്ക് ലോട്ടറി എടുക്കുന്നത് സുധീറിന് പതിവായിരുന്നു.ഇത്തരത്തില്‍ എട്ട് ലക്ഷത്തോളം കടവും വരുത്തി വെച്ചു.കടക്കാരില്‍ നിന്നും രക്ഷപ്പെടാനാണ് പെരിയാറില്‍ ചാടി മരിച്ചു എന്ന് സുധീര്‍ വരുത്തി തീര്‍ത്തത്.പുതിയ വസ്ത്രം വാങ്ങി വെള്ളിയാഴ്ച മണപ്പുറം ഭാഗത്ത് എത്തിയ ഇയാള്‍ ധരിച്ചിരുന്ന വസ്ത്രം ഊരി വെച്ച ശേഷം പുതിയ വസ്ത്രങ്ങള്‍ ധരിച്ച് കോട്ടയത്തേക്ക് പോവുകയായിരുന്നു.രണ്ട് ദിവസം ആയതോടെ കോട്ടയത്ത് താമസിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതായി.മാത്രമല്ല തനിക്കായി നാട്ടുകാര്‍ രണ്ട് ദിവസമായി തിരച്ചില്‍ നടത്തുകയാണെന്നും അറിഞ്ഞതോടെ വീട്ടിലേക്ക് വിളിച്ച് താന്‍ കോട്ടയത്തുണ്ടെന്ന കാര്യം പറയുകയായിരുന്നു.കാണാനില്ലെന്ന പരാതിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമേ,പോലീസിനെയും അഗ്‌നിരക്ഷാസേനയെയും കബളിപ്പിച്ചതിനും സുധീറിനെതിരേ കേസെടുത്തിട്ടുണ്ട്.സുധീറിനെ കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.