സുനിച്ചന് എന്തെങ്കിലും പറ്റുമോ, മോനെ ഞാൻ എങ്ങിനെ വളർത്തും എന്നുള്ള ടെൻഷനായിരുന്നു- മഞ്ജു സുനിച്ചൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

നടിയാവണം അഭിനയിക്കണം എന്നൊന്നും തന്റെ വിദൂര സ്വപ്‌നത്തിൽ പോലും ഉണ്ടായിരുന്ന കാര്യമല്ല എന്നാണ് മഞ്ജു പത്രോസ് പറയുന്നത്. എന്തിനേറെ, നല്ലൊരു സാരിയുടുത്ത് നടക്കണം എന്ന് പോലും ആഗ്രഹിച്ചിരുന്നില്ല. വിവാഹ ശേഷം ഞാൻ വളരെ അധികം ഡിപ്പറ്റഡ് ആയിരുന്നു, ഒരുപാട് കരയുമായിരുന്നു എന്നൊക്കെയാണ് മഞ്ജു പറയുന്നത്. വാക്കുകളിങ്ങനെ

എന്റെ ഇതുവരെയുള്ള യാത്രകളെ മൂന്ന് ഘട്ടങ്ങളായി തന്നെ തിരിക്കാം. കല്യാണത്തിന് മുൻപ്, കല്യാണത്തിന് ശേഷം, വെറുതേ അല്ല ഭാര്യയ്ക്ക് ശേഷം എന്നിങ്ങനെ. ഇങ്ങനെയൊക്കെ എന്റെ ജീവിതം മാറും എന്ന് സ്വപ്‌നത്തിൽ പോലും ഞാൻ കരുതിയിരുന്നതല്ല. കല്യാണത്തിന് ശേഷം ഞാൻ എപ്പോഴും കരച്ചിലാണ്. ഇപ്പോഴാണ് അതൊക്കെ ഒന്ന് മാറി വന്നത്. വെറുതെ അല്ല ഭാര്യയ്ക്ക് ശേഷമുള്ള മഞ്ജു പത്രോസ് ഒട്ടും കൊള്ളില്ലായിരുന്നു.

കല്യാണത്തിന് മുൻപ് വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കുന്ന ആളായിരുന്നു ഞാൻ. മൂത്ത മകളാണ്, എന്റെ കാര്യത്തിനൊന്നും അപ്പനെയും അമ്മയെയും ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നില്ല. ഡാൻസ് പഠിച്ച്, അതിന്റെ ക്ലാസ് എടുത്ത് കൊടുത്തും എല്ലാം ചെറിയ ചെറിയ വരുമാനം എല്ലാം ഉണ്ടാക്കുമായിരുന്നു. കൊളേജ് സമയത്ത് എല്ലാം ഞാൻ എന്റെതായ രീതിയിൽ സമ്പാദിച്ചിരുന്നു.

വിവാഹത്തിന് ശേഷം ഞാൻ കൂടുതൽ ഡിപ്പന്റഡ് ആയി. ഒരു സേഫ്റ്റി പിന്ന് വാങ്ങാൻ പോകണമെങ്കിൽ കൂടെ എനിക്ക് സുനിച്ചൻ വേണമായിരുന്നു. അതെല്ലാം സുനിച്ചനും ബുദ്ധിമുട്ടായി. എവിടെയെങ്കിലും സുനിച്ചൻ പോയി വരാൻ, അഞ്ച് മിനിട്ട് വൈകിയാൽ പോലും ഞാൻ കരച്ചിലാണ്. കുഞ്ഞിന്റെ മുഖത്ത് കുരുവന്നാൽ കരച്ചിൽ. തൊട്ടതിനും പിടിച്ചതിനും എല്ലാം പേടിയായിരുന്നു എനിക്ക്. ശരിക്കുമൊരു അരക്ഷിതാവസ്ഥയായിരുന്നു.

സാമ്പത്തികമായുട്ടുള്ള ബുദ്ധിമുട്ടുകളും അതിനൊരു കാരണമായിരുന്നു. പെട്ടന്ന് കുറച്ച് അധികം കടബാധ്യതകളുണ്ടായി. ഇത്രയും വലിയ കടം ഞാൻ എങ്ങിനെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യും, സുനിച്ചന് എന്തെങ്കിലും പറ്റുമോ, മോനും ഞാൻ എങ്ങിനെ വളർത്തും എന്നൊക്കെയുള്ള ടെൻഷനാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ എന്നെക്കൊണ്ട് ആവും വിധം എല്ലാം ഞാൻ ശ്രമിച്ചിട്ടുണ്ട്. കോൾ സെന്ററിൽ ജോലി നോക്കി, തയ്യൽ ജോലിയ്ക്ക് ശ്രമിച്ചു. പക്ഷെ ഒന്നും വർക്ക് ആയില്ല. ബി എഡ് കഴിഞ്ഞതാണ് ഞാൻ, ജോലിയ്ക്ക് ഒരു സ്‌കൂളിൽ കയറണം എങ്കിൽ ലക്ഷങ്ങൾ കൊടുക്കണം. അതിനുള്ള വകയില്ല. ലീവ് വാക്കൻസി വരുമ്പോൾ അതൊക്കെ പോയി ചെയ്യുമായിരുന്നു.