സ്ത്രീ പ്രാധാന്യം എന്നുള്ളത് എന്നെ ആകര്‍ഷിക്കുന്ന ഒരു ഘടകമല്ല, മഞ്ജു വാര്യര്‍ പറയുന്നു

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തിയപ്പോഴും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ മഞ്ജുവിനെ സ്വീകരിച്ചത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കഥ പറയാന്‍ വരുമ്പോള്‍ ഇത് സ്ത്രീ പ്രാധാന്യമുള്ള കഥയാണെന്ന് ആദ്യം തന്നെ പറയാറുണ്ടെന്നും, എന്നാല്‍ തന്നെ അത് ആകര്‍ഷിക്കാറില്ലെന്നും താരം പറയുന്നു.

മഞ്ജു വാര്യരുടെ വാക്കുകള്‍ ഇങ്ങനെ, ‘കഥ പറയാന്‍ വരുമ്പോള്‍ തന്നെ ഇത് സ്ത്രീ പ്രാധാന്യമുള്ള കഥയാണ് എന്ന് ആദ്യം തന്നെ ചിലര്‍ പറഞ്ഞ് വെയ്ക്കും. അത് വിട്, അതിന് ഇവിടെ പ്രസക്തിയില്ല എന്ന് ഞാന്‍ അവരോട് പറയാറുണ്ട്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്ന് കേട്ടാല്‍ എനിക്ക് ഇഷ്ടം കൂടുതല്‍ തോന്നും എന്ന് ധരിക്കുന്ന കുറെ പേര് ഇപ്പോഴുമുണ്ട്. സ്ത്രീ പ്രാധാന്യം എന്നുള്ളത് എന്നെ ആകര്‍ഷിക്കുന്ന ഒരു ഘടകമല്ല എന്ന് കഴിയുന്നവരോടൊക്കെ ഞാന്‍ പറയാറുണ്ട്. പക്ഷേ, ദൈവം സഹായിച്ച് എനിക്ക് വരുന്ന റോളുകളെല്ലാം കഥയില്‍ വളരെ സ്വാധീനമുള്ള കഥാപാത്രങ്ങളും, ഒരു വ്യക്തിത്വമുള്ള കഥാപാത്രങ്ങളുമൊക്കെയാണ് എന്നെ തേടി വരാറുള്ളത്. അതില്‍ ഞാന്‍ വളരെ വളരെ ഭാഗ്യമുള്ളവളാണെന്ന് എനിക്കറിയാം,’

ലളിതം സുന്ദരം എന്ന സിനിമയില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് അതിലെ എന്റെ കഥാപാത്രമായിരുന്നു. അത് സ്ത്രീ പ്രാധാന്യമുള്ള കഥയല്ലായിരുന്നു എന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യമായിരുന്നു. സിനിമയിലെ ഓരോ സഹോദരങ്ങളുടെയും കഥ പ്രാധാന്യമുള്ളതായിരുന്നു. പിന്നെ എന്റെ കഥാപാത്രം ശരിക്കും നോക്കിയാല്‍ കൂട്ടത്തിലുള്ള ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം എന്റെതായിരുന്നു.അത് പോലെ, സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ എനിക്ക് ഒരുപാട് ആവേശം തരാറുണ്ട്. അതില്‍ പെട്ട ഒരു കഥാപാത്രമായിരുന്നു ലളിതം സുന്ദരത്തിലെ എന്റെ ആ വേഷം. അത് പോലെ തന്നെ അതുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമാണ് മേരി ആവാസ് സുനോ എന്ന സിനിമയിലുമുള്ളത്.’