തൈറോയ്ഡ് കാന്‍സര്‍ ആയിരുന്നു എനിക്ക്, കൂടപ്പിറപ്പായ ചേച്ചിയെയും കാന്‍സര്‍ പിടികൂടി, കുറിപ്പ്

പോതുവെ കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോഴേ എല്ലാവര്‍ക്കും ഭയമാണ്. മഹാവ്യാധി പിടിപെട്ടാല്‍ ഇനി രക്ഷയില്ലെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ കാന്‍സറിനെ സധൈര്യം പോരാടി തോല്‍പ്പിക്കുന്നവരുമുണ്ട്. ഇപ്പോള്‍ തനിക്ക് കാന്‍സര്‍ പിടിപെട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് മഞ്ജുഷ നിഷ. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്റ് സപ്പോര്‍ട്ടേഴ്‌സിലാണ് മഞ്ജുഷ കുറിപ്പ് പങ്കുവെച്ചത്.

മഞ്ജുഷയുടെ കുറിപ്പ്, 2016 ഇല്‍ ആണ് ഞാന്‍ ആദ്യമായി Rcc യില്‍ കയറുന്നത്. ലക്കി കാന്‍സര്‍ എന്നറിയപ്പെടുന്ന തൈറോയ്ഡ് കാന്‍സര്‍ ആയിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ പേടിയൊന്നും തോന്നിയില്ല. റേഡിയേഷന്‍ ചെയ്തപ്പോള്‍ ഉണ്ടായ അസ്വസ്ഥകള്‍ ഒക്കെ Rcc യില്‍ വരുന്ന മറ്റുള്ളവരുടെ അവസ്ഥ വെച്ച് വളരെ ചെറുതാണ് എന്ന് ഞാന്‍ സ്വയം ആശ്വസിപ്പിച്ചു. എന്നാല്‍ ഓപ്പറേഷന്‍ സമയത്ത് എന്റെ തൊണ്ടയില്‍ നിന്നു നീക്കം ചെയ്ത കാല്‍സ്യം 2019 ഇല്‍ എനിക്ക് പണി തന്നു. കാല്‍സ്യം ശരീരത്തു ഡൌണ്‍ ആകുന്ന ഹൈപോകാല്‍സീമിയ എന്നാ അസുഖവും, കൂടെ ഫിറ്റ്‌സും വന്നു. ശരീരത്തില്‍ എത്ര എല്ലുകള്‍ ഉണ്ടെന്നും അതില്‍ കാല്‍സ്യം കുറയുമ്പോള്‍ ഉള്ള വേദനയും ഞാന്‍ അറിഞ്ഞു.

വേദനയില്ലാതെ നടക്കാനും ഇരിക്കാനും ഞാന്‍ കൊതിച്ചു. ഇപ്പോള്‍ Rcc യിലെ ട്രീറ്റ്‌മെന്റ് കൂടാതെ ഈ അസുഖങ്ങള്‍ക്കും ട്രീറ്റ്‌മെന്റ് നടക്കുന്നു.. ടാബ്‌ലറ്റ് കഴിക്കുന്നത് കൊണ്ട് മാത്രം ഇപ്പോള്‍ എഴുനേറ്റു നടക്കുന്നു.. ജീവിതകാലം മുഴുവന്‍ ട്രീറ്റ്‌മെന്റ് ചെയ്യേണ്ട അസുഖം ആണ് എനിക്ക് എന്നറിയാം എന്നാലും ഞാന്‍ ഹാപ്പി ആണ്.. ഒരിടത്തും തളര്‍ന്നു പോവില്ല. കൂടെ കട്ടക്ക് സപ്പോര്‍ട്ട് മായി എന്റെ ഫ്രണ്ട്‌സ്, റിലേറ്റീവ്‌സ് എല്ലാരും ഉണ്ട്.. പക്ഷേ 2021 ജനുവരിയില്‍ ഒരസുഖവും ഇല്ലാതിരുന്ന എന്റെ ഒരേ ഒരു കൂടപ്പിറപ്പായ ചേച്ചിയെയും കാന്‍സര്‍ പിടികൂടി. പാന്ക്രീയറ്റിക് കാന്‍സര്‍. ഒരുപാട് വേദനകള്‍ സഹിച്ചു ഏപ്രില്‍ 23 നു അവള്‍ യാത്ര ആയി. ഇതില്‍ വരുന്ന പോസ്റ്റുകള്‍ ഞാന്‍ കാണാറുണ്ട്. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു