രണ്ടാം വിവാഹം മകളുടെ വിവാഹ ശേഷം, പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിയതിനെ കുറിച്ച് മങ്കാ മഹേഷ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മങ്കാ മഹേഷ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് നടി. സഹനടി വേഷത്തിലും അമ്മ വേഷത്തിലുമൊക്കെ അഭിനയിച്ച് സീരിയല്‍ സിനിമ പ്രേക്ഷകരുടെ പ്രിയതാരമായി മങ്കാ മഹേഷ് മാറി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ് മങ്ക മഹേഷിന്റെ സ്വദേശം. മങ്കയുടെ അമ്മയുടെ നാടാണ് ആലപ്പുഴ. നടി പഠിച്ചതും വളര്‍ന്നതും എല്ലാം അവിടെ നിന്നായിരുന്നു. ആറ് മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മങ്ക.

സ്‌കൂള്‍ കാലംമുതല്‍ കലാരംഗത്ത് തിളങ്ങി നിന്നിരുന്നു. അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് നടി നൃത്തം അഭ്യസിച്ച് തുടങ്ങിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു. കെപിഎസി വഴിയാണ് അഭിനയ ജീവിതം തുടങ്ങിയത്. അവിടെവച്ചാണ് മങ്ക ജീവിതപങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നതും. ആ പ്രണയം വിവാഹത്തിലെത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ നാടായ തിരുവനന്തപുരത്തേക്ക് വിവാഹത്തിന് ശേഷമാണ് മാറിയത്. മകള്‍ ജനിച്ച ശേഷം അഭിനയ രംഗത്ത് ചെറിയ ഇടവേള എടുക്കുകയും ചെയ്തു.

മകള്‍ വലുതായ ശേഷമായിരുന്നു മങ്ക മഹേഷ് അഭിനയ രംഗത്ത് തിരികെ എത്തുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മഹേഷിന്റെ വേര്‍പാട് മങ്കയെ തളര്‍ത്തി കളഞ്ഞു. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് മങ്കാ മഹേഷ് ആലപ്പുഴയിലേക്ക് തിരികെ വന്നു. ഇതിനിടെ മകളുടെ വിവാഹം നടത്തി. മകളും കുടുംബവും വിദേശത്ത് താമസമാക്കി. ഇതോടെ മങ്ക ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കാന്‍ തുടങ്ങി.

അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിക്കുകയായിരുന്നു താരം. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം. ലോക്ഡൗണ്‍ കാരണം മാസങ്ങള്‍ ഷൂട്ടിങ്ങില്ലാതെ വീട്ടിലിരുന്നു. ഇപ്പോള്‍ സിനിമയ്‌ക്കൊപ്പം മിനിസ്‌ക്രീനിലും സജീവമാകുകയാണ് താരം.