പ്രധാനമന്ത്രിയുടെ ‘മന്‍ കീ ബാത്ത്’ പുനരാരംഭിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തി’ന്റെ പ്രക്ഷേപണം പുനരാരംഭിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പായി കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി അവസാനമായി പ്രക്ഷേപണം ചെയ്തത്. ഈ മാസം 30-ന് പരിപാടി വീണ്ടും ആരംഭിക്കും.

പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ഒരു ടോള്‍ ഫ്രീ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. 1800 11 7800 എന്ന നമ്പറിലേക്ക് പൊതുജനങ്ങള്‍ക്ക് സന്ദേശം അയക്കാം. ഈ മാസം 11 മുതല്‍ 26 വരെയാണ് സന്ദേശങ്ങള്‍ക്കായി ഈ ഫോണ്‍ ലൈന്‍ ലഭ്യമാകുക. www.mygov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയാണെങ്കില്‍ 29-ാം തീയതി രാത്രി 11.45 വരെ പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനുള്ള അവസരമുണ്ട്.

മന്‍ കീ ബാത്തിന്റെ 54-ാം എപ്പിസോഡാണ് ജൂണ്‍ 30-ന് പ്രക്ഷേപണം ചെയ്യുന്നത്. രാവിലെ 11 മണിക്കാണ് പരിപാടിയുടെ പ്രക്ഷേപണം . എല്ലാ മാസത്തിലേയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ 3 മുതലാണ് മന്‍ കീ ബാത്ത് പ്രക്ഷേപണം ആരംഭിച്ചത്.