ഒരു ഭാര്യ എങ്ങനെയായിരിക്കണം എന്ന് കാണിച്ച് തന്നത് ആശ, ഉര്‍വശിയോട് പിണക്കമൊന്നുമില്ല; മനോജ് കെ ജയന്‍

മലയാള സിനിമയില്‍ തിളങ്ങി നിന്ന മനോജ് കെ ജയനും ഉര്‍വശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവില്‍ 2000 ത്തില്‍ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വര്‍ഷം നീണ്ട വിവാഹജീവിതം 2008 ല്‍ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകള്‍ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകന്‍ ആണുള്ളത്. ഉര്‍വശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ നീലാണ്ഡന്‍ എന്നൊരു മകനുണ്ട്.

മുന്‍ഭാര്യയും നടിയുമായ ഉര്‍വശിയോട് ശത്രുതയില്ലെന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നെന്നും നടന്‍ മനോജ് കെ. ജയന്‍. വിവാഹമോചിതരായെന്ന് കരുതി ഉര്‍വശിയോട് മനസിലോ അല്ലാതെയോ പിണക്കമോ ശത്രുതാമനോഭാവമോ ഇല്ലെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് തന്നെ പഠിപ്പിച്ചതെന്നും സ്നേഹം എന്താണെന്ന് താനിപ്പോഴാണ് അറിയുന്നതെന്നും മനോജ് കെ. ജയന്‍ പറയുന്നു. ‘ഉര്‍വശിയ്ക്കും എനിക്കും ഇടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂ. കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു.’

കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള പ്രവേശനത്തെ കുറിച്ചും മനോജ് കെ ജയന്‍ മനസ് തുറന്നു. അഭിനയത്തില്‍ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്. അവളുടെ അമ്മ വലിയൊരു നടിയാണ്. അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്ന് പറഞ്ഞാല്‍… ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വെക്കുന്നതെങ്കില്‍ സന്തോഷം. കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.