കോവിഡ് കാലത്ത് മൂന്ന് മക്കളുടെ വിവാഹം ഒരേ വേദിയില്‍ നടത്തി മാതാപിതാക്കള്‍, ഇരട്ട മക്കള്‍ക്ക് വധുവായത് ഇരട്ട സഹോദരിമാരും

തങ്കമണി: കോവിഡ് അതി വേഗത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവാഹങ്ങള്‍ പലരും വളരെ ലളിതമായി ചുരുക്കി നടത്തുകയാണ്. ഇത്തരത്തില്‍ കോവിഡ് കാലത്തെ ഒരു വിവാഹത്തിന്റെ വിവരമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ബന്ധുക്കളെ പങ്കെടുപ്പിക്കാന്‍ കഴിയാതെ വന്നതോടെ മൂന്ന് മക്കളുടെയും വിവാഹം ഒരേ വേദിയില്‍ നടത്തിയിരിക്കുകയാാണ്. നെല്ലിപ്പാറ താണുവേലില്‍ ഷാജി-മോളി ദമ്പതികളുടെ മക്കളുടെ വിവാഹമാണ് വേറിട്ടു നിന്നത്.

ഇരട്ട സഹോദരന്മാര്‍ക്ക് വധുവായി എത്തിയത് ഇരട്ട സഹോദരിമാര്‍ ആയിരുന്നു. ഇരട്ട സഹോദരങ്ങളായ മൈക്കിളും ആന്റണിയും പാലാ കുരിശുംതൊട്ടിയില്‍ രാജു – ജയമ്മ ദമ്പതികളുടെ മക്കളും ഇരട്ടകളുമായ ഡിയയുടെയും ഡോണയെയുടെയും കഴുത്തിലാണ് മിന്നു ചാര്‍ത്തിയത്. മറ്റൊരു സഹോദരനായ നിതിന്‍ കട്ടപ്പന് പാലംകുന്നേല്‍ ഡെന്നി-ജെസി ദമ്പതികളുടെ മകള്‍ ജിലുവിന്റെ കഴുത്തിലും മിന്നു ചാര്‍ത്തി.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്ത് വരികയാണ് ആന്റണി. മൈക്കിളും നിതിനും അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്ത് വരികയാണ്. ഇരട്ട സഹോദരിമാരായ ഡിയയും ഡോണയും ഫാഷന്‍ ഡിസൈനര്‍മാരാണ്. ജിലും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഇത്തരത്തില്‍ ഒരു വിവാഹം നടത്താന്‍ കുടുംബംഗങ്ങള്‍ ഒന്നിച്ച് തീരുമാനത്തില്‍ എത്തുകയായിരുന്നു.

ഏറ്റുമാനൂരില്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയ വരന്മാരുടെ അമ്മ മോളിയാണ് ഇരട്ട സഹോദരിമാരെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരട്ടകളായ മക്കള്‍ക്കുവേണ്ടി വിവാഹം ആലോചിച്ചുറപ്പിച്ചു. അതിനുശേഷമാണ് നിതിനായി വധുവിനെ കണ്ടെത്തിയത്. പിന്നീട് നെല്ലിപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ ഇവര്‍ വിവാഹിതരാകുകയായിരുന്നു.