നിപ്പ, പ്രളയം, ഒടുവില്‍ കൊറോണയും… പ്രേമും സാന്ദ്രയും പ്രണയ സാഫല്യത്തിനായി ഇനിയും കാത്തിരിക്കണം

കോഴിക്കോട് : പ്രണയവും വിവാഹവും എല്ലാം ഓരോരുത്തരുടെയും സ്വപ്‌നമാണ്. എന്നാല്‍ പ്രേമും സാന്ദ്രയും തമ്മിലുള്ള വിവാഹം ഇത് മൂന്നാമതാണ് മുടങ്ങുന്നത്. ഓരോ തവണയും ഓരോ ദുരന്തങ്ങള്‍. ആദ്യം വിവാഹം മുടക്കി നിപ്പ എത്തി, പിന്നീട് നിശ്ചയിച്ചപ്പോള്‍ പ്രളയം എത്തി ഇപ്പോള്‍ അവരെ ഒന്നിക്കാന്‍ സമ്മതിക്കാതെ കോവിഡും വില്ലനായി നില്‍ക്കുകയാണ്. കോഴിക്കോട് എരഞ്ഞിപ്പാലം അരിയില്‍ പ്രേം ചന്ദ്രന്റെയും (26) എ വി സാന്ദ്ര സന്തോഷിന്റെയും (23) വിവാഹമാണ് ഇത്തരത്തില്‍ പല പ്രാവശ്യമായി മാറ്റിവയ്ക്കപ്പെട്ടുകൊണ്ട് ഇരിക്കുന്നത്. മാറ്റിവെച്ച് മാറ്റിവെച്ച് ഞായറാഴ്ച നടക്കാനിരിക്കെ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വീണ്ടും മാറ്റി വയ്ക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് പ്രേമിന്റെയും സാന്ദ്രയുടെയും വിവാഹം മാറ്റി വയ്ക്കുന്നത്.

അയല്‍ വാസികള്‍ കൂടിയായ പ്രേമും സാന്ദ്രയും കുട്ടിക്കാലം മുതല്‍ പരസ്പരം അറിയാവുന്നവരാണ്. ഏറെ കാലമായി ഇരുവരും പ്രണയത്തിലാണ്. രണ്ട് വര്‍ഷം മുമ്പ് ഇരുവരുടെയും വിവാഹം നടത്താനായി വീട്ടുകാര്‍ തിരുമാനിച്ചിരുന്നു. എന്നാല്‍ പ്രകൃതി സമ്മതിച്ചില്ല. 2018 മെയ് 20ന് വിവാഹം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

ഇതിനിടെ മെയ് 2ന് ആയിരുന്നു കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ടത്. മെയ് 16 എത്തിയതോടെ ഭയം കാരണം ആരും വീടിന് പുറത്ത് പോലും ഇറങ്ങാതെ ആയി. ഇതോടെ കല്യാണം മാറ്റി വയ്‌ക്കേണ്ട ഗതി വന്നു. ഇതിനിടെ പ്രേമിന്റെ ബന്ധു മരിച്ചു. ഇതോടെ പിന്നീട് ഒരു വര്‍ഷത്തേക്ക് വിവാഹം നടത്താന്‍ കഴിയാത്ത സ്ഥിതിയായി. പിന്നീട് 2019ലെ ഓണക്കാലത്ത് വിവാഹം നടത്താന്‍ നിശ്ചയിച്ചു. എന്നാല്‍ ആ സമയവും പ്രകൃതി എതിര്‍ത്തു. പ്രളയത്തിന്റെ രീതിയില്‍ പ്രകൃതി വിവാഹം മുടക്കി. ഒക്ടോബര്‍ വരെ പ്രളയ ദുരിതം നീണ്ടതോടെ വിവാഹം വീണ്ടും നീട്ടി വെച്ചു.

ഒടുവില്‍# 2020 മാര്‍ച്ച് 20, 21 തീയതികളില്‍ വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ സമയം വിവാഹം മുടക്കിയത് കോവിഡ് 19 ആയിരുന്നു. കോവിഡ് വ്യാപനത്തിനന്റെ പശ്ചാത്തലത്തില്‍ വിവാഹ തീയതി വീണ്ടും നീട്ടി വച്ചിരിക്കുകയാണ്. പ്രണയസാഫല്യത്തിനുള്ള ഇവരുടെ കാത്തിരിപ്പ് ആശങ്കകളുടെ മൂന്ന് ഋതുക്കള്‍ പിന്നിടുകയാണ്.

ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. വിവാഹത്തിനും റിസപ്ഷനും ആയി രണ്ടായിരം പേരെ ക്ഷണിച്ചിരുന്നു. സാന്ദ്രയുടെ കുടുംബത്തില്‍ ആകട്ടെ കുടുംബത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വിവാഹ ആഘോഷമായിരുന്നു ഇത്. അതിനാല്‍ തന്നെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് എല്ലാ കുടുംബക്കാര്‍ക്കും ആഗ്രഹം ഉണ്ട്. കോവിഡ് മൂലം ആളുകൂടുന്നതിന് നിരോധനം വന്നതോടെ ബന്ധുക്കള്‍ ചേര്‍ന്ന് കല്യാണം വീണ്ടും മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്തായാലും സെപ്റ്റംബറില്‍ കല്യാണം നടത്തുമെന്ന് തീരുമാനിച്ച് വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇരുവരുടെയും വീട്ടുകാര്‍.