ആറു പേരുടെ അന്ത്യ വിശ്രമം രണ്ട് കല്ലറകളിലായി, മാർട്ടിനും കുടുംബത്തിനും യാത്രാമൊഴി

ഉരുൾപൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങൾ സംസ്‌കാരച്ചു. കൂട്ടിക്കൽ കാവാലിഒട്ടലാങ്കൽ മാർട്ടിൻ(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി മാർട്ടിൻ(45), മക്കളായ സ്നേഹ മാർട്ടിൻ(14), സോന മാർട്ടിൻ (12), സാന്ദ്ര മാർട്ടിൻ(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാൽ പള്ളിയിൽ തന്നെയാണ് പൊതു ദർശനം.

ഇന്നലെയാണ് മാർട്ടിൻ, സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചത്. തുടർന്ന് ഒരുമിച്ച് സംസ്കാരം നടത്താൻ നിശ്ചയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ 12:30 ന് പള്ളിയിൽ എത്തിക്കുകയായിരുന്നു.6 മൃതദേഹങ്ങൾ 2 കല്ലറകളിലായാണ്‌ സംസ്കരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണിടിച്ചിലിലാണ് മാർട്ടിന്റെ കുടുംബം ഒന്നാകെ അകപ്പെട്ടു പോയത്. ശനിയാഴ്ച തന്നെ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചു. ഇന്നലെയാണ് മാർട്ടിൻ, സ്‌നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചത്.

കുറ്റിക്കൽ ഉരുൾ പൊട്ടലിൽ മൃതദേഹം കണ്ടെടുക്കാൻ പറ്റാത്ത അലന്റെ പതിനാലാം ജ്നമദിനമായിരുന്നു ഇന്ന്.അവനിഷ്ടമുള്ള ബ്ലാക്ക് ഫോറസ്റ്റ് കേക്കും വാങ്ങി പുതിയ വീട്ടിൽ ആഘോഷിക്കാനിരിക്കെയാണ്‌ ദുരന്തം എല്ലാം കവർന്നത്. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ സ്ഥലത്ത് അലൻ എന്ന പതിനാല് വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ ബന്ധുക്കൾ അവന്റെ ജന്മദിവസവും തുടരുകയാണ്.

ഇന്നലെ ദുരന്തസ്ഥലത്ത് നിന്ന് കുട്ടിയുടേതെന്ന് സംശയിച്ച ചില മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. അലന്റേതെന്ന് കരുതി പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നെങ്കിലും മൃതദേഹം അലൻറേത് അല്ലെന്ന അറിയിപ്പ് ലഭിച്ചുവെന്ന് അലന്റെ അമ്മാവൻ റെജി പറഞ്ഞു.കാൽ അടക്കമുള്ള ശരീരഭാഗങ്ങളാണ് അലന്റെതെന്ന് കരുതി ഇന്നലെ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ശരീരഭാഗം കുട്ടിയുടേതല്ലെന്ന സംശയം ഉണ്ടായത്. തുടർന്ന് ശരീരഭാഗം മോർച്ചറിയിലേക്കുമാറ്റി.ആറ്റുചാലിൽ ജോമിയുടെ മകനാണ് അലൻ. ജോമിയുടെ ഭാര്യ സോണിയയും ദുരന്തത്തിൽ അകപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായ മണ്ണിടിച്ചലിനെ കുറിച്ച് സമീപത്തെ കടയിലെത്തി സംസാരിക്കുന്നതിനിടെ വീടും പുരയിടവും ഇടിഞ്ഞ് ഇവർ നിന്ന കടയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അലന്റെ പിതാവ് ജോമി നോക്കിനിൽക്കെയാണ്‌ അപകടമുണ്ടായത്. കടയിലുണ്ടായിരുന്ന സരസമ്മ, അയൽവാസിയായ റോഷ്‌നി എന്നിവരും മരിച്ചു.