യുവതി നേരത്തെ വിവാഹം കഴിച്ചിരുന്ന കാര്യം മറച്ചു വെച്ചു; ആക്രമിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയത്തില്‍; കുറ്റസമ്മതം നടത്തി മാര്‍ട്ടിന്‍ ജോസഫ്

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി ആക്രമിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണെന്ന് പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസിനോട് വെളിപ്പെടുത്തി. കുറ്റം സമ്മതിച്ച മാർട്ടിൻ യുവതി നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം തന്നോട് മറച്ചുവച്ചെന്നും മൊഴി നല്‍കി.

ടാര്‍സനെന്ന വിളിപ്പേരുള്ള സുഹൃത്താണ് മാർട്ടിനു ഒളിവില്‍ കഴിയാൻ സഹായം നൽകിയത്. ഇയാള്‍ തന്നെയാണ് മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയത്. ഒളിവില്‍ കഴിയുന്നതിനിടെ മാര്‍ട്ടിന് ഭക്ഷണമെത്തിച്ച റോയ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെയാണ് മാര്‍ട്ടിന്‍ ജോസഫിനെ പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വച്ച് കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അന്വേഷണത്തിന് പോലീസ് ഡ്രോണുകളും ഉപയോഗിച്ചിരുന്നു.